Thursday, December 22, 2011

വിവാദങ്ങളില്‍ നിന്ന് വൈദ്യുതി ഉണ്ടാക്കാം...

തലക്കെട്ട്‌ കണ്ടു വ്യാമോഹിക്കണ്ട.... സംഗതി ആരെങ്കിലും ഗവേഷണം നടത്തി കണ്ടു പിടിച്ചിട്ടു തന്നെ വേണം. പക്ഷെ നടന്നു കിട്ടിയാല്‍ കേരളം എപ്പോ ഒരു വൈദ്യുതി മിച്ച സംസ്ഥാനം ആയി എന്ന് ചോദിച്ചാ മതി! അലിഗധ് യൂനിവേഴ്സിടി ക്യാമ്പസ്‌ ഉദ്ഘാടനവും വിവാദത്തിലേക്ക്... ഉദ്ഘാടന ചടങ്ങിലേക്ക് പെരിന്തല്‍മണ്ണ മുന്‍ എം എല്‍ എ ശ്രീ വി ശശികുമാര്‍ അടക്കം ഇടത് പക്ഷ നേതാക്കളെ ആരെയും ക്ഷണിച്ചില്ലെന്നു ആരോപണം ഉയര്‍ത്തി അത്ര ചെറുതല്ലാത്ത ഫ്ലെക്സ് ബോര്‍ഡ് ഇവിടെ ഉയര്‍ന്നു കഴിഞ്ഞു.
അഞ്ചു കൊല്ലത്തെ ഭരണം, കോടിയുടെ നിറം എന്നിവ നോക്കാതെ പ്രവര്‍ത്തിക്കാവുന്ന ഒരു രാഷ്ട്രീയ സംസ്കാരം നാട്ടില്‍ ഉരുത്തിരിഞ്ഞു വന്നാലേ ഇത്തരം പദ്ധതികള്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ എത്തിക്കാന്‍ നമുക്ക് കഴിയൂ.

Sunday, December 18, 2011

അലിഗധ് ക്യാമ്പസ്‌ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു!

അലിഗധ് മുസ്ലിം യൂനിവേഴ്സിട്ടി മലപ്പുറം കേന്ദ്രം ഡിസംബര്‍ 24 നു രാവിലെ പത്തു മണിക്ക് കേന്ദ്ര മന്ത്രി ശ്രീ കപില്‍ സിബല്‍ രാഷ്ട്രത്തിനു സമര്‍പ്പിയ്ക്കും. സര്‍ സയ്യെദ് നഗറില്‍ ( ചെലാമല ) ആണ് ഉദ്ഘാടന പരിപാടികള്‍ നടക്കുകുക . ബഹു: കേരള മുഖ്യ മന്ത്രി ശ്രീ ഉമ്മന്‍ ചാണ്ടി ചടങ്ങില്‍ ആധ്യക്ഷം വഹിക്കും.
മറ്റു അനുബന്ധ ചടങ്ങുകള്‍:

അലിഗധ് administration block തറക്കല്ലിടല്‍ : കേന്ദ്ര മന്ത്രി ഇ അഹമ്മദ്‌
അലിഗധ് വൈദ്യുതി പ്രൊജക്റ്റ്‌ ഉദ്ഘാടനം : മന്ത്രി ആര്യാടന്‍ മുഹമ്മദ്‌
അലിഗധ് വെബ്‌ സൈറ്റ് ഉദ്ഘാടനം :മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി

Thursday, December 15, 2011

"നമ്മുടെ റോഡും പുരോഗമിക്കുന്നുണ്ട് !"


ആനമങ്ങാട് മുതല്‍ തൂത വരെയുള്ള റോഡിന്റെ നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. ഇപ്പോള്‍ ഇത്രയും ദൂരം യാത്ര തികച്ചും സുഖകരം തന്നെ . പക്ഷെ റോഡിന്റെ സുഖം മൂലം ഉറങ്ങിപ്പോവുന്നവര്‍ എന്തായാലും വണ്ടി പാലക്കാട് ജില്ലയില്‍ പ്രവേശിച്ചാല്‍ ഞെട്ടി ഉണരും തീര്‍ച്ച! റോഡിന്റെ "ഗുണം " തന്നെ കാരണം! ഏതോ ഒരു സിനിമയില്‍ കൊച്ചിന്‍ ഹനീഫ മൂക്കില്‍ ദുര്‍ഗന്ധം അടിക്കുമ്പോള്‍ " ങാ കൊച്ചി എത്തി " എന്ന് പറയുമ്പോലെ ....

Sunday, December 11, 2011

ഇ നാരായണന്‍ മാസ്റ്റര്‍ അനുസ്മരണം

ആനമങ്ങാട് കൃഷ്ണന്‍ നായര്‍ സ്മാരക വായനശാലയുടെ സ്ഥാപക പ്രവര്‍ത്തകരില്‍ പ്രമുഖനായിരുന്ന ഇ നാരായണന്‍ മാസ്ടരെ അദ്ദേഹത്തിന്‍റെ ചരമദിനമായ ഡിസംബര്‍ പതിനൊന്നിനു വായനശാലയുടെയും Pensioner's Union ന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു. KSSPU ആനമങ്ങാട് യൂനിറ്റ് പ്രസിഡന്റ്‌ ശ്രീ മാധവന്‍ അവര്‍കള്‍ ആധ്യക്ഷം വഹിച്ച യോഗത്തില്‍ സി പി മോഹനന്‍,കെ പി മോഹന്‍ ദാസ്‌ , അബൂബക്കര്‍ മാസ്റ്റര്‍ ,എന്‍ പീതാംബരന്‍ , കെ മുഹമ്മദ്‌ , ദാമോദരന്‍ എന്നിവര്‍ അനുസ്മരണ പ്രസംഗങ്ങള്‍ നടത്തി. വായനശാല പ്രസിഡന്റ്‌ സി ബാല സുബ്രമണ്യന്‍ സ്വാഗതവും സെക്രട്ടറി പി ഗോപിനാഥന്‍ നന്ദിയും പറഞ്ഞു.

ആനമങ്ങാട് ചുവക്കുന്നു !

CPI(M) പെരിന്തല്‍മണ്ണ ഏറിയ സമ്മേളനം ആനമങ്ങാട് യു പി സ്കൂളില്‍ ഈ മാസം പത്തു പതിനൊന്നു , പന്ത്രണ്ടു തീയതികളില്‍ നടക്കുന്നു . പത്താം തീയതി കേന്ദ്ര secratariate അംഗം ശ്രീ എ വിജയരാഘവന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു .10,11 തീയതികളില്‍ പ്രതിനിധി സമ്മേളനം നടക്കും. പുതിയ ഏറിയ കമ്മിറ്റി തിരഞ്ഞെടുപ്പ് 11 നു വൈകുന്നേരം. 12 നു പൊതുസമ്മേളനം,പ്രകടനം , കണ്ണൂര്‍ സംഘ ചേതന ഒരുക്കുന്ന " രണ്ടിടങ്ങഴി " നാടകം എന്നിവയാണ് പ്രധാന പരിപാടികള്‍

Tuesday, September 6, 2011

നമ്മുടെ ഇട വഴികള്‍....






സ്കൂളില്‍പോവുന്ന വഴി വെള്ളതണ്ട് ( മഷിത്തണ്ട്) പൊട്ടിച്ചെടുക്കാന്‍ മറക്കല്ലേ.. സ്ലേറ്റു മായിക്കാന്‍ നല്ലതാ ..






































Wednesday, May 11, 2011

വാണിജ്യ രംഗം ...

പെരുംബുള്ളി വീരാന്‍ , പോക്കര്‍ സാഹിബ് , കെ വി നാരായണന്‍ നായര്‍ തുടങ്ങിയവര്‍ ആയിരുന്നു ആദ്യ കാല വണിക്കുകള്‍ .
കെ വി നാരായണന്‍ നായരും വള്ളിക്കാടന്‍അലിയുമായിരുന്നു ആനമങ്ങാട്ടുആദ്യമായി ചായക്കച്ചവടം തുടങ്ങിയത് .
ശ്രീ കൃഷ്ണന്‍ നായര്‍ മാസ്ടരുടെ അധ്യക്ഷതയില്‍ രൂപീകരിക്കപ്പെട്ട ഐക്യ നാണയ സംഘം ബാങ്കിംഗ് രംഗത്തേക്ക് ആനമങ്ങാടിന്റെആദ്യ കാല്‍വെപ്പായിരുന്നു . ശ്രീ കുംമാരന്‍ മാസ്റ്റര്‍ ആയിരുന്നു ഇതിലെ മറ്റൊരു പ്രധാന ഭാരവാഹി . ചെറിയ തുകകള്‍ വായ്പ നല്‍കി പ്രവര്‍ത്തിച്ചിരുന്ന ഈ സംഘത്തിന്റെ പ്രവര്‍ത്തന കേന്ദ്രം എല്‍ പി സ്കൂള്‍ ആയിരുന്നു .

വാര്‍ത്താ വിനിമയം ...

പരീക്ഷാ ഫലങ്ങള്‍ ഇന്റര്‍ നെറ്റിലൂടെയും എസ എം എസിലൂടെയും അറിയുന്ന ഇന്നത്തെ ആനമങ്ങാടിന്റെആദ്യ നാളുകള്‍ വാര്‍ത്താ വിനിമയ സൌകര്യങ്ങളുടെ കാര്യത്തില്‍ മറ്റേതൊരു ഗ്രാമത്തെയും പോലെ തന്നെ പരിമിതമായിരുന്നു .
സ്വാതന്ത്ര്യ ലബ്ധിക്കു ശേഷമാണ് ആനമങ്ങാട്ടുതപാല്‍ ആപ്പീസ് തുടങ്ങിയത്.അതിനു മുന്‍പ് പെരിന്തല്‍മണ്ണയില്‍ നിന്ന് തൂത വരെ ചാമുണ്ണിനായര്‍ എന്നശിപായി ആയിരുന്നു കത്തുകള്‍ വിതരണം ചെയ്തിരുന്നത് .
റേഡിയോ പോലും ആഡംബര വസ്തു ആയിരുന്ന അക്കാലത്ത് ഗാന്ധിജിയുടെ മരണം പോലുള്ള വാര്‍ത്തകള്‍ ആളുകള്‍ പറഞ്ഞറിഞ്ഞു നമ്മുടെ നാട്ടിലെത്തുന്ന അവസ്ഥ ഇന്ന് സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസം !
മാതൃഭൂമി ആയിരുന്നു ആനമങ്ങാട്ടു എത്തിയ ആദ്യ പത്രം .ചെര്‍പ്പുള്ളശേരിയില്‍ നിന്നും 1948 ഓടെ തന്നെ ഇത് നമ്മുടെ ഗ്രാമത്തില്‍ എത്തിയിരുന്നു . പിന്നീട് ശ്രീ കെ വി നാരായണന്‍ നായര്‍ ഏജന്‍സി എടുത്തു ആനമങ്ങാട്ടു നിന്ന് തന്നെ വിതരണം തുടങ്ങി .

വായനയുടെ വെളിച്ചം ...

1953 ജനുവരി 24 നു വൈകുന്നേരം 4-30 നു ഹയര്‍ എലെമെന്ടരി സ്കൂളില്‍ (ഇന്നത്തെ യു പി സ്കൂളില്‍ ) ചേര്‍ന്ന യോഗമാണ് ഒരു പൊതു ജന സംഘടനയുടെ രൂപീകരണത്തിനും പിന്നീട് വായനശാലയുടെ തുടക്കത്തിനും കാരണമായത്‌ . ആനമങ്ങാടിനെ സംബന്ധിച്ചു ഇത് തികച്ചും വിപ്ലവകരം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒരു തുടക്കമായിരുന്നു .

Monday, May 9, 2011

സ്വാതന്ത്ര്യ സമരവും സ്വാതന്ത്ര്യ ലബ്ധിയും അതിനു ശേഷവും ....

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മുന്നണി പോരാളികളെ നല്‍കാന്‍ നമ്മുടെ നാടിന്നു കഴിഞ്ഞില്ലെങ്കിലും സ്വാതന്ത്ര്യതിലെക്കും സ്വയം ഭരണതിലെക്കുമുള്ള മുന്നേറ്റത്തില്‍നമ്മുടെ ദേശം അതിന്റെ മുഴുവന്‍ മനസ്സും സമര്‍പ്പിച്ചിരുന്നു.

സ്വാതന്ത്ര്യാനന്തരം ഒന്നാമത്തെ പ്രധാന മന്ത്രി ആയിരുന്ന നെഹ്രുവിന്റെ സന്ദര്‍ശനം ഇന്നും ഒട്ടേറെ പേര്‍ വ്യക്തമായി ഓര്‍ക്കുന്നു .- നെഹ്രുവിനെ പൂമാല അണിയിച്ച പോന്മാനാടി രമ ടീച്ചര്‍ അടക്കം.
ബ്രിട്ടീഷുകാരുടെ ചങ്ങലക്കെട്ടുകള്‍ തകര്‍ത് എറിഞ്ഞു എങ്കിലും നാം നമ്മെ സ്വയം ബന്ധിച്ചിരിക്കയായിരുന്നു - സ്വാതന്ത്ര്യ ലബ്ധിക്കു ശേഷവും . വടക്കേ ചേരിയിലെ ശ്രീ ചാത്തപ്പന്‍ ഓര്‍ക്കുന്നു : "1946-47 കാലത്ത് ഞങ്ങള്‍ക്ക് അയിത്തം മൂലം റോഡിലൂടെ നടക്കാന്‍ കഴിഞ്ഞിരുന്നില്ല , അത് കൊണ്ട് തന്നെ സ്കൂളില്‍ പഠിക്കാനും ...."
സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം നമ്മുടെ നാടിന്റെ ഉള്ളറകളില്‍ നടന്ന ചില ചെറിയ വിപ്ലവങ്ങളെ ക്കുറിച്ചാണ് ചാത്തപ്പന്‍ പറഞ്ഞുതുടങ്ങുന്നത് ....
ചേരി നിവാസികള്‍ക്ക് അന്ന് വിദ്യാഭ്യാസം നല്‍കിയത് സ്വാമി എന്നൊരു അദ്ധ്യാപകന്‍ ആയിരുന്നു . ഇപ്പോഴത്തെ ആമ്പല്ലൂര്‍ estate ആയിരുന്നത്രെ അന്നത്തെ ഇവരുടെ അധ്യയന കേന്ദ്രം .

വടക്കേ ചേരിക്കാര്‍ ആദ്യമായി പൊതു വഴി ചവിട്ടുന്നത് 1948 ലെ ഒരു വിവാഹത്തോട് അനുബന്ധിച്ച് ശ്രീ വെള്ളിലാപ്പുള്ളി ഗോവിന്ദന്‍ കുട്ടി നമ്പ്യാരുടെ ശ്രമ ഫലമായിട്ടാണ് .അത് പോലെ നാട്ടിലെ ക്ഷേത്രങ്ങളില്‍ പ്രവേശനം ലഭിച്ചത് ശ്രീ എന്‍ പി നാരായണന്‍ മാസ്ടരുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തന ഫലമായാണ് .
ഹരിജനങ്ങളും സവര്‍ണ്ണ വിഭാഗങ്ങളും ചേര്‍ന്നുള്ള മിശ്ര ഭോജനത്തിനും ആനമങ്ങാട് സാക്ഷ്യം വഹിച്ചിട്ടുണ്ട്‌ .1948 ലെ ഗാന്ധിജിയുടെ ചരമത്തോട് അനുബന്ധിച്ച് എല്‍ പി സ്കൂളില്‍ നടന്ന ചടങ്ങില്‍ ആയിരുന്നു ഇത് .ശ്രീ മഠത്തില്‍ മേനോന്റെ നേതൃത്വത്തില്‍ നടന്ന ഈ സംരംഭത്തിന്k ശേഷം എല്‍ പി സ്കൂളില്‍ ചേരിയിലെ കുട്ടികള്‍ക്ക് പ്രവേശനവും ലഭിച്ചു .വറുതിയുടെ ആ ദിനങ്ങളില്‍ ഒരു തോര്‍ത്ത്‌ മാത്രമായിരുന്നു മിക്കവരുടെയും വേഷം ....അത് പോലും പലയിടത്തും കീറിയത് , കൈത്തനൂല്‍ കൊണ്ട് തുന്നി ചേര്‍ത്തത്... അന്ന് ഓട ലഭിക്കാതിരുന്ന നാളുകളില്‍ മലയില്‍ നിന്ന് ഏറന്കോല്‍ കൊണ്ട് വന്നു മുറവും കൊട്ടയുമാക്കി വില്‍പ്പന നടത്തി കിട്ടുന്ന നെല്ല് കൊണ്ടാണ് ജീവിതം നെയ്തിരുന്നത് ...... ടാഗോര്‍ പാടിയത് പോലെ ഏവര്‍ക്കും ശിരസ്സുയര്‍ത്തി നില്‍ക്കാന്‍ കഴിയുന്ന തരത്തിലുള്ള സ്വാതന്ത്ര്യം എന്നാണു നമ്മുടെ നാട്ടില്‍ ഓരോ മനുഷ്യര്‍ക്കും അനുഭവിക്കാന്‍ കഴിയുക ?

Thursday, May 5, 2011

ദേശത്തിന്റെ ദേവാലയങ്ങള്‍

കുന്നിന്മേല്‍ ക്ഷേത്രം :
ഈ ക്ഷേത്രത്തെക്കുറിച്ച്പറയാറുള്ള ഒരു ഐതിഹ്യം മറ്റു പല ക്ഷേത്രങ്ങളെ ക്കുറിച്ചും നാം കേട്ടതാണ് .എലംബുലാക്കാറ്റ് ഇല്ലം ഇടത്തറയില്‍ ആയിരുന്ന കാലത്ത് തിരുമാന്ധാംകുന്ന് ഭഗവതിയുടെ ഭക്തനായിരുന്ന അവിടത്തെ ഒരു കാരണവര്‍ ദിവസവും നാഴികകള്‍ നടന്നു അങ്ങാടിപ്പുറം എത്തി ക്ഷേത്ര ദര്‍ശനം നടത്തിയുരുന്നത്രേ . ഒരു ദിവസം ക്ഷീണം നിമിത്തം കുന്നിന്മേലുള്ള പാലച്ചുവട്ടില്‍ ഇരുന്ന വൃദ്ധന്‍ ഇനി തനിക്കു നടക്കാന്‍ വയ്യല്ലോ എന്ന് സങ്കടപ്പെട്ടത്രേ .ആ സമയം " ഇനി എന്നെ കാണാന്‍ ഇങ്ങോട്ട് വരേണ്ട അല്‍പം സ്ഥലം തന്നാല്‍ ഞാന്‍ ഇവിടെ ഇരുന്നു കൊള്ളാം " എന്ന് അശരീരി കേട്ടു എന്നും അതനുസരിച്ച് കുന്നിന്മേല്‍ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടു എന്നുമാണ് ഐതിഹ്യം .
മഹാദേവ മംഗലംക്ഷേത്രം :
ഈ ക്ഷേത്രം മുന്‍പ് ഒരു പ്രധാന ശാസ്ത ക്ഷേത്രം ആയിരുന്നു എന്ന് പഴമക്കാര്‍ പറയുന്നു .ഇതിന്റെ സൂചനകള്‍ ക്ഷേത്ര നിര്‍മ്മിതിയില്‍ ഉണ്ടത്രേ. ഒരു ബ്രാഹ്മണ ശാപം തീര്‍ക്കുന്നതിനായി നമ്പൂതിരി സമുദായത്തിനായി ദാനം നല്‍കപ്പെട്ടതാണ്‌ ഈ ക്ഷേത്രം എന്നതിനും ഐതിഹ്യ സൂചനകള്‍ ഉണ്ടത്രേ.
പുന്നക്കോട് ക്ഷേത്രം :
പുന്നക്കോട് ക്ഷേത്രത്തിന്റെ നിര്‍മ്മിതിയെക്കുറിച്ചുള്ള സൂചനകളൊന്നും ലഭ്യമല്ല. ഈ മൂന്നു ക്ഷേത്രങ്ങളിലും വെച്ച് പഴക്കമേറിയ ഇതിനു മൂവായിരത്തോളം വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് അഭിപ്രായം .
എടതറ ജുമു അത്ത് പള്ളി :
ആനമങ്ങാട് , എടതറ പ്രദേശങ്ങളുടെ അതിരില്‍ മെയിന്‍ റോഡിനു അഭിമുഖമായി സ്ഥിതി ചെയ്യുന്ന ജുമാ മസ്ജിദ് ആനമങ്ങാട്ടെ പ്രധാന മുസ്ലിം ആരാധനാലയമാണ് .ഏകദേശം 75 വര്ഷം മുന്‍പ് ഉണ്ടായിരുന്ന നമസ്കാര പള്ളിയാണ് പിന്നീട് എരശ്ശേരി(ERASSERI ) തറവാടും പാട്ടശ്ശേരി കണ്ടുന്നിയുടെ പുരയിടവും വാങ്ങി ഇന്നത്തെ പള്ളിയായി മാറിയത്. ആയിരത്തി തൊള്ളായിരത്തി ഇരുപതെഴില്‍ കേരളീയ മാതൃകയില്‍ ഉള്ള ജുമാ അത് പള്ളി നിര്‍മ്മിക്കപ്പെട്ടു.
1921 ലെ മലബാര്‍ കലാപത്തെ തുടര്‍ന്നുണ്ടായ അരക്ഷിതാവസ്ഥയും ദാരിദ്ര്യവും നിലനിന്നിരുന്ന സാഹചര്യത്തില്‍ ഈ പള്ളിയുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയിരുന്നത് പരേതരായ പോക്കര്‍ അഹമ്മദ് , ചെര്‍ക്കുന്നത്തു അഹമ്മദ് മുസ്ലിയാര്‍, എരശ്ശേരി വീരാന്‍ , വള്ളത്തില്‍ മൊയ്ദീന്‍ കുട്ടി എന്നിവര്‍ ആയിരുന്നു. വീടുകളില്‍ നിന്നും ശേഖരിച്ച മരം , സ്വര്‍ണം , പണം എന്നിവ കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
പള്ളിയിലെ ആദ്യ ഖത്തീബ് ആയിരുന്ന കന്നമ്മന്നില്‍അബ്ദുള്ള മുസ്ലിയാര്‍ തന്നെ ആയിരുന്നു ഖാലി, മു അദ്ദീന്‍ ജോലികളും നിര്‍വ്വഹിച്ചിരുന്നത്. ആനമങ്ങാട്ടെ 39 മുസ്ലീം ഭവനങ്ങളില്‍ നിന്നും ശേഖരിച്ചിരുന്ന പിടിയരി ആയിരുന്നു ഇദ്ദേഹത്തിനുള്ള എളിയ പ്രതിഫലം .
എഴുപതുകളില്‍ പുരോഗമിച്ച സ്റ്റാര്‍ച് വ്യവസായം പള്ളിയിലും അതിന്റെ സ്വാധീനം ചെലുത്തി. ഇക്കാലത്താണ് (1972) പള്ളി പൊളിച്ചു താഴെ നില കോണ്‍ക്രീറ്റ് ചെയ്തത് .അന്നത്തെ STARCH വ്യവസായികള്‍ ആയിരുന്ന കെ ഹംസ മാസ്റ്റര്‍ , സി കെ കുഞ്ഞാപ്പു ഹാജി , കെ പി സൈദ്‌ ഹാജി , വ്യാപാരികള്‍ ആയിരുന്ന മൊല്ല ക്കുട്ടി ഹാജി , കെ പോക്കര്‍ സാഹിബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് പള്ളിക്ക് " MASJID UR RAHMAAN" എന്ന് പേരിട്ടത് .പള്ളിയുടെ ഭരണം ജനകീയ സമിതി ഏറ്റെടുത്തതും ഇക്കാലത്താണ് .
പിന്നീട് എണ്‍പതുകളില്‍ starch വ്യവസായം നാമാവശേഷം ആയെങ്കിലും ആളുകള്‍ക്ക് ഗള്‍ഫ്‌ രാജ്യങ്ങളില്‍ തൊഴില്‍ ലഭിച്ചത് പള്ളിയുടെ പുരോഗതിക്കു കാരണമായി . 1982 ലായിരുന്നു പള്ളിയുടെ ഒന്നാം നില നിര്‍മ്മാണം . ആനമങ്ങാട്ടെ യുവാക്കള്‍ രൂപീകരിച്ച ജിദ്ദ - മഹല്ല് സമിതിയുടെ സഹായം ഇതിനു ലഭിച്ചു .
ഒന്നാം നില യുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത് കെ എം മായിന്‍ മുസ്ല്യാര്‍ തെക്കന്‍ മുഹമ്മദ്‌ മാസ്റ്റര്‍, പി എം മുഹമ്മദ്‌ മാസ്റ്റര്‍ സി പി സൈദ്‌ അലവി എന്നിവര്‍ ആണ് .
മുക്കാല്‍ നൂറ്റാണ്ടു മുന്‍പത്തെ എളിയ തുടക്കത്തില്‍ നിന്നും ഏറെ വളര്‍ന്ന MASJID UR RAHMAN ന്റെ കീഴില്‍ ഇപ്പോള്‍ മൂന്നു നമസ്കാര പള്ളികളും നാല് മദ്രസകളും പ്രവര്‍ത്തിക്കുന്നു.
MASJID UR RAHMAN- മിനാരങ്ങള്‍ ഇല്ലാത്ത മസ്ജിദ് :
സമീപ പ്രദേശങ്ങളില്‍ എല്ലാം പഴയ കേരളീയ മാതൃകയിലുള്ള പള്ളികള്‍ പുനര്‍ നിര്‍മ്മാണം കഴിഞ്ഞപ്പോള്‍ വലിയ മിനാരങ്ങളോട് കൂടിയ പള്ളികള്‍ ആയി മാറി . എന്നാല്‍ MASJID UR RAHMAAN ഇന്നും മിനാരങ്ങള്‍ ഇല്ലാതെ ഒറ്റപ്പെട്ടു നില്‍ക്കുന്നു .


















Saturday, April 23, 2011

നാട്ടു വൈദ്യത്തിന്റെ നന്മകള്‍

വിവിധ തരത്തിലുള്ള ഔഷധച്ചെടികള്‍ നിറഞ്ഞു വളര്‍ന്നിരുന്ന നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ചികിത്സ ഒരിക്കലും ചെലവ് കൂടിയതായിരുന്നില്ല . താരതമ്യേന ഗുരുതരമായ രോഗങ്ങള്‍ക്ക് ജനങ്ങളുടെ ആശ്രയം അക്കാലത്തെ നാട്ടു വൈദ്യന്മാരായിരുന്നു. ഇവരില്‍ പ്രമുഖനായിരുന്ന " കോണി " വൈദ്യരെപ്പറ്റി നമ്മുടെ പ്രായം ചെന്ന തലമുറയ്ക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. മനുഷ്യരുടെയും മൃഗങ്ങളുടെയും ചികിത്സയില്‍ നിപുണനായിരുന്ന ഇദ്ദേഹം അസ്ഥി സംബന്ധമായ ചികിത്സയില്‍ പ്രത്യേക നൈപുണ്യം പ്രകടിപ്പിച്ചിരുന്നു.
വേലപ്പ വൈദ്യര്‍ , കൃഷ്ണന്‍ വൈദ്യര്‍ , അദ്ദേഹത്തിന്റെ അനുജന്‍ ആയിരുന്ന നാരായണന്‍ വൈദ്യര്‍ എന്നിവരായിരുന്നു ഇക്കൂട്ടത്തിലെ മറ്റുള്ളവര്‍.
രോഗിയില്‍ ഒരു മനുഷ്യനെ കാണുക എന്നതിന് പകരം രോഗിയില്‍ ഒരു ഉപഭോക്താവിനെ കാണുക എന്ന മരുന്ന് കമ്പനികളുടെ വിപണന മന്ത്രം ആധുനിക വൈദ്യ സമൂഹം സ്വീകരിച്ചു തുടങ്ങിയത് എപ്പോഴായിരുന്നു?

Wednesday, April 20, 2011

കൈവിട്ടു പോകുന്ന കാര്‍ഷിക സംസ്കൃതി

ചെറു വെള്ളരി , ആര്യന്‍ , വെള്ളക്കോലി , ചിറ്റേനി , തെക്കന്‍ ചീര ......നമ്മുടെ കുട്ടികള്‍ കേട്ടാല്‍ കണ്ണ് മിഴിക്കുന്ന ഈ പേരുകള്‍ നമ്മുടെ നാട്ടില്‍ കൃഷി ചെയ്തിരുന്ന നെല്ല് ഇനങ്ങളുടെതാണ് !
ഫോസ്സിലുകളായിമാറി നമ്മുടെ ചരിത്രത്തില്‍ എത്രയും പെട്ടെന്ന് ഇടം പിടിക്കാന്‍ പോകുന്നത് നമ്മുടെ നെല്‍ കൃഷിയാണ് .മുട്ടോളം ചെളിയില്‍ നിന്ന് വയലില്‍ പണിതു വിളവുണ്ടാക്കുന്നതൊക്കെവിശദീകരിക്കാന്‍ ബുദ്ധിമുട്ടുന്ന അദ്ധ്യാപകന്‍ കഥകളിലല്ലനമ്മുടെ നാട്ടിലും വരാനിരിക്കുന്നു, ഇപ്പോള്‍ ഇല്ലെങ്കില്‍ !
നമ്മുടെ നാട്ടിലെ നെല്‍കൃഷിയുടെ നല്ലൊരു ഭാഗവും " നെല്ലായ " വാരിയം വക ആയിരുന്നു. ( നെല്ലും നെല്ലായയും തമ്മില്‍? അന്വേഷണത്തിനുള്ള മറ്റൊരു വഴി ആണത് ....) പുതിയേടത്ത്, ചെറന്ഗോട്ടില്‍ തുടങ്ങിയ വീട്ടുകാരായിരുന്നു മറ്റു പ്രമുഖ കൃഷിക്കാര്‍. പുരുഷന്മാര്‍ക്ക് മൂന്നു നാരായവും സ്ത്രീകള്‍ക്ക് രണ്ടു നാരായവും നെല്ല് കൂലി ആയി ലഭിച്ചിരുന്ന അക്കാലത്ത് കൃഷിയില്‍ യാതൊരു വിധ കീട നാശിനികളും ഉപയോഗിച്ചിരുന്നില്ല എന്നത് ഇപ്പോള്‍ അവിശ്വസനീയമായി തോന്നാം .
നെല്ല് കൂടാതെ ധാരാളമായി ഉഴുന്നും മുതിരയും നെല്‍കൃഷിയുടെ ഇടവേളകളില്‍ പാടത്ത് കൃഷി ചെയ്തിരുന്നു. മണ്ണിലെ പോഷകമൂല്യം നില നിര്‍ത്താന്‍ അറിഞ്ഞോ അറിയാതെയോ നമ്മുടെ പൂര്‍വ്വികര്‍ സ്വീകരിച്ചിരുന്ന ഒരു മാര്‍ഗമായിരുന്നു ഇത്. കൂടാതെ ചാമ , നവര തുടങ്ങിയവയും കൃഷി ചെയ്തിരുന്നു. ഏകദേശം മുപ്പതു വര്ഷം മുന്‍പ് തന്നെ ഇവിടെ ഉണ്ടായിരുന്ന റബ്ബര്‍ തോട്ടങ്ങള്‍ സൂചിപ്പിക്കുന്നത് വിദേശ വിളകള്‍ പരീക്ഷിച്ചു അറിയാനുള്ള നമ്മുടെ മുന്‍ തലമുറയുടെ താല്‍പര്യവും കൌതുകവുമാണ് .
കൃഷിയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കിടക്കു അറിഞ്ഞ ഒരു കൌതുകം പുന്നക്കോട് ക്ഷേത്രത്തിനു ഉണ്ടായിരുന്ന ഒരു കുളത്തിനെക്കുറിച്ചാണ് .വളരെയധികം വിസ്തൃതി ഉണ്ടായിരുന്ന ഈ ജലാശയം , പക്ഷെ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ പ്രായം ചെന്നവര്‍ക്ക് പോലും കേട്ട് കേള്‍വി മാത്രമാണ് .
ഹൃതുക്കളുടെ ആവര്‍ത്തനങ്ങള്‍ക്കിടക്കു എപ്പോഴാണ് ഈ ജലസഞ്ചയം വറ്റിപ്പോയത്, നമ്മുടെ മനസ്സിലെ നന്മകളെ പ്പോലെ ?

Saturday, April 16, 2011

ദേശത്തിന്റെ കലാ രംഗം : ഇടറാത്ത താളങ്ങള്‍ , മായാത്ത വര്‍ണ്ണങ്ങള്‍ ...

തലമുറകളായി പകര്‍ന്നു കിട്ടിയ മിക്ക നാടന്‍ കലാരൂപങ്ങളും അനുഷ്ഠാനകലകളും ഇപ്പോഴും നമ്മുടെ നാട്ടില്‍ നശിക്കാതെ നില്‍ക്കുന്നു എന്നത് നിസ്സാര കാര്യമല്ല . ചിങ്ങത്തിലെ ഉത്രാട രാത്രിയുടെ അവസാന യാമങ്ങളില്‍ ശ്രീ മഹാ ദേവനൊപ്പംനമ്മെയും പാടി ഉണര്ത്തുന്നവര്‍ ഇന്നെത്ത്ര ഗ്രാമങ്ങളില്‍ ബാക്കി ഉണ്ട് ? അത് പോലെ, മകരക്കൊയ്ത് കഴിഞ്ഞ പാടങ്ങളില്‍ക്കൂടി തിളയ്ക്കുന്ന വേനല്‍ച്ചൂടില്‍ തനിക്കെറ്റം പ്രിയപ്പെട്ട ഉണ്ണിയെത്തേടി അലയുന്ന പൂതങ്ങള്‍ ഇന്നും നമുക്ക് പ്രിയപ്പെട്ട ഉത്സവക്കാഴ്ചയാണ് . ഇതിനു പുറമേ പുരാതന ആയോധന കലകളുടെ സ്വഭാവം സൂചിപ്പിക്കുന്ന പരിച മുട്ട് കളി പരിശീലിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന സംഘങ്ങള്‍ ഇവിടെയുണ്ട് . ക്ഷേത്രങ്ങളിലെ ഒരു അനുഷ്ടാന കല ആയ കളംപാട്ട് അവതരിപ്പിക്കുന്ന നാല് കുടുംബങ്ങള്‍ ആനമങ്ങാട്ടുണ്ട്. കര്‍ണ്ണാടക സംഗീതത്തില്‍ ദേശാന്തര പ്രശസ്തിയുള്ള ഗായകനായിരുന്നു ശ്രീ ഭാഗവതര്‍ രാമകുറുപ് . കലാരംഗത്ത്‌ നിയതമായ ഒരു പരിശീലന പദ്ധതി ആദ്യമായി ഉണ്ടായത് ഒരു പക്ഷെ ചെണ്ട മേളത്തില്‍ ആയിരിക്കും. ചെത്തല്ലൂര്‍ക്കാരന്‍ ആയിരുന്ന കുഞ്ഞുണ്ണി എന്നാ ഗുരുവില്‍ നിന്നും ചെണ്ട അഭ്യസിച്ച ശ്രീ പാട്ടശ്ശേരി രാമന്‍ ആയിരുന്നു വാദ്യ കലയുടെ ഗണപതി കയ്യ് കുറിച്ചത് .ഇദ്ദേഹത്തിന്റെ ശിഷ്യര്‍ ആയ ചാമി , കൃഷ്ണന്‍ തുടങ്ങിയവരുടെ വാദ്യസാധകം പിന്നീടുള്ള തലമുറകള്‍ക്ക് പ്രചോദനത്തിന്റെ പാത ഒരുക്കി .വേലകളും അയ്യപ്പന്‍ വിളക്കുകളും ആയിരുന്നു ഇവര്‍ക്ക് ലഭിച്ചിരുന്ന പ്രധാന അരങ്ങുകള്‍ .ഈ പരമ്പരയില്‍ നമുക്ക് ഏറ്റവും അടുത്ത് നില്‍ക്കുന്നത് പരേതനായ ശ്രീ ഈങ്ങ ചാലില്‍ ഗോവിന്ദന്‍ ആണ് . ടെലിവിഷന്‍ ചാന്നലുകളില്‍ സ്വന്തം സംഗീതവും താളവും തിരയുന്ന നമ്മുടെ പുത്തന്‍ തലമുറ ഉണ്ണിയെ തേടിയെത്തുന്ന പൂതത്തിനെ ഇനിയും എത്ര നാള്‍ വരവേല്‍ക്കും ?

Saturday, April 2, 2011

രാജ ഭരണത്തിന്റെ നാള്‍വഴികള്‍....

മറ്റു അയല്‍ ദേശങ്ങളെ പോലെ ആനമങ്ങാടും പണ്ട് വള്ളുവനാട്ടു രാജാവിന്റെ ഭരണത്തിന് കീഴില്‍ ആയിരുന്നു. രാജാവ്, ആനമങ്ങാട് ഉള്‍പ്പടെ ഉള്ള ദേശങ്ങളുടെ ഭരണത്തിനു നിയോഗിച്ച മന്ത്രി സ്ഥാനം ആയിരുന്നു " അച്ചന്‍" എന്നത് .ഈ സ്ഥാനം, രാജാവിന്റെ ഭരണ കേന്ദ്രം ആയിരുന്ന കുരുവയില്‍ സ്ഥിര താമസം ആക്കിയിരുന്ന എളംബുലാക്കാറ്റ് ഇല്ലത്തിനാണ് പരമ്പരാഗതമായി നല്‍കിയിരുന്നത്. ഓരോ തലമുറയിലും മൂത്ത ആണ്‍ സന്തതിക്കു " രാമന്‍ " എന്നാണു പേര്‍ നല്‍കിയിരുന്നത്. അങ്ങനെയാണ് രാമനച്ചന്‍ എന്നത് വള്ളുവനാട്ടു രാജാവിന്റെ മന്ത്രി സ്ഥാനം ആവുന്നത് .ഈ കാലഘട്ടത്തില്‍ പുര കാവലിനായി നിയോഗിക്കപ്പെട്ടവരുടെ പിന്തലമുറ ആണ് കാവപ്പുര (കാവല്പ്പുര) വീട്ടുകാരെന്നും പടയാളികളുടെ പിന്മുറക്കാരാണ് പകിടീരി കുടുംബം എന്നും ഒരു പക്ഷമുണ്ട് . " ഭരണ നിര്‍വഹണം എളുപ്പമാക്കുന്നതിനായിരിക്കണം, എലംബിലാക്കാട്ടു കുടുംബം പിന്നീട് ആനമങ്ങാട് എത്തി എടത്തരയിലെമതിലിങ്ങല്‍എന്നസ്ഥലത്ത് താമസം തുടങ്ങി ." - ഈ വംശത്തിലെ ഏറ്റവും ഇങ്ങേ അറ്റത്തുള്ള കണ്ണിയായ രാമനച്ചന്‍ പറയുന്നു. ഇക്കാലത്ത് കുടുംബത്തില്‍ ഉണ്ടായ ചില സംഘര്‍ഷങ്ങളുടെ ഫലമായി ഇവര്‍ മതിലിങ്ങല്‍ നിന്നും കുന്നിന്മേല്‍ ക്ഷേത്രത്തിനു അടുത്തേക്ക് താമസം മാറ്റി. ഈ വീടാണ് പിന്നീട് പയ്യപ്പിള്ളി നമ്പൂതിരിക്കും പിന്നീട് കളത്തില്‍ കുമാരന്‍ മാഷക്കും കൈമാറിയത്. " എലംബുലാക്കാട്ടുകുടുംബത്തിന്റെ ക്ഷയോന്മുഖമായ നാളുകള്‍ അന്നായിരിക്കാം തുടങ്ങിയത്... " കാറല്‍ മണ്ണയിലെ തന്റെ വീട്ടിലിരുന്നു രാമനച്ചന്‍ പറയുമ്പോള്‍ അധികാരത്തിന്റെ ഉന്നത ശ്രേണികളില്‍ നിന്ന് വളരെപ്പെട്ടെന്നു സാധാരണ ജീവിതത്തിന്റെ സംഘര്‍ഷങ്ങളിലേക്ക് ഇറങ്ങേണ്ടി വരുമ്പോള്‍ ദേശത്തിന്റെ ചരിത്രത്തിനൊപ്പം ഗതിമാറി ഒഴുകുന്ന കുടുംബങ്ങളുടെ ചരിത്രം കൂടി നാം അറിയുകയാണ്.... തന്റെ മുത്തച്ഛന്റെ കൈവശം അനേകം പഴയ രേഖകള്‍ ഉണ്ടായിരുന്നതായി രാമനച്ചന്‍ ഓര്‍ക്കുന്നു. ആ തലമുറയില്‍ ആണ്മക്കള്‍ മൂന്നായിരുന്നു- മൂത്തയാള്‍ രാമന്‍, രണ്ടാമന്‍ നാരായണന്‍ , ഏറ്റവും ഇളയവനായ വാസുദേവന്‍ . സാഹിത്യത്തില്‍ അഗാധ ജ്ഞാനവും കവിതാരചനയില്‍ അസുലഭ സിദ്ധികളും ഉള്ള വ്യക്തി ആയിരുന്നത്രെ വാസുദേവന്‍. പക്ഷെ മറ്റനേകം പ്രതിഭാശാലികളെ പോലെ കാലത്തിന്റെ കണക്കെടുപ്പില്‍ പെടാതെ അരങ്ങു വിടാനായിരുന്നു വാസുദേവന്റെ നിയോഗം. ചരിത്രം, അത് വ്യക്തിയുടെയോ കുടുംബതിന്റെയോ ദേശത്തിന്റെയോ ആകട്ടെ, മിക്കപ്പോഴും അത് അധോന്മുകമാകുന്നത് എന്ത് കൊണ്ട്? നാളെ എഴുതപ്പെടാനിരിക്കുന്ന നമ്മുടെ ചരിത്രം തെളിച്ചം ഉള്ളതാകണം എങ്കില്‍, മാറേണ്ടത് നമ്മളാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ , നമ്മുടെ ചരിത്രം എഴുതി തുടങ്ങുന്നത് നാം തന്നെയാണ് ! അത് തന്നെ അല്ലെ, ചരിത്ര പഠനം നമ്മെ ഏല്‍പ്പിക്കുന്ന ചുമതലയും? ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തെ പറ്റിയൊക്കെ വളരെ നേര്‍ത്ത കേട്ട് കേള്‍വികള്‍ മാത്രമേ നമ്മുടെ മുതിര്‍ന്ന തലമുറയ്ക്ക് ഉള്ളൂ. എന്നാല്‍ ഇന്നത്തെ പാലക്കാട്- കോഴിക്കോട് പാത ടിപ്പു പടയോട്ടത്തിനു നിര്‍മ്മിച്ചതാണെന്ന് വളരെപ്പേര്‍ അഭിപ്രായപ്പെടുന്നു. കൃഷ്ണ തിയെറെര്നു സമീപവും അതിനിപ്പുറം വിളക്കത്തര വളവിനു സമീപവും ഈ പാതയുടെ ദിശ നേര്‍ രേഖയില്‍ ആയിരുന്നു എന്നത് ഇപ്പോഴും വ്യക്തമാണ് . ടിപ്പുവുമായി ബന്ധപ്പെട്ട മറ്റൊരു കൌതുകം അലിപ്പരമ്പ് വില്ലജ് ഓഫീസിനു സമീപം ഉള്ള ഒരു കോട്ടയുടെ അവശിഷ്ടങ്ങള്‍ ആണ്. " കോട്ടയില്‍ ക്ഷേത്രം " എന്നറിയപ്പെടുന്ന ഒരു അമ്പലവും ഇതിനകതുണ്ട് .കോട്ടയുടെ എടുപ്പുകള്‍ ഒന്നും കാണുന്നില്ലെങ്കിലും നാല് വശവും ആഴമുള്ള കിടങ്ങുകള്‍, പ്രത്യേക രീതിയില്‍ നിര്‍മ്മിച്ച ഒരു കിണര്‍ എന്നിവയും ഇവിടെ ഉണ്ട്. ഈ കോട്ടയുടെ നിര്‍മ്മാണത്തെ കുറിച്ച് രണ്ടു അനുമാനങ്ങള്‍ ആണുള്ളത്. കോട്ട ടിപ്പു സുല്‍ത്താന്‍ തന്നെ നിര്‍മ്മിച്ചതാണെന്നും അല്ല, ടിപ്പുവില്‍ നിന്നും രക്ഷ നേടാന്‍ രാജാക്കന്മാര്‍ പ്രാദേശികമായി നിര്‍മ്മിച്ച്‌ പണി പൂര്‍ത്തി ആകാതെ ഉപേക്ഷിച്ചതാണെന്നും . എന്തായാലും കോട്ട അവിടെയുണ്ട്, ചരിത്ര കുതുകികളെ കാത്തു...

Monday, March 21, 2011

പേരിന്റെ പെരുമ ...

ഒരു പ്രദേശത്തിന്റെ പേരിന്റെ ഉദ്ഭവത്തിലൂടെ അതിന്റെ വേരുകള്‍ തിരിച്ചറിയുക എന്ന ചിരപരിചിത രീതിയില്‍ പോയാല്‍ ആനമങ്ങാട്ടെ ഒരു പുരാതന കളരിയിലാണ് നാം എത്തുക ....
സാമൂതിരിയുടെ മന്ത്രി സ്ഥാനം വഹിച്ചിരുന്ന എളംപുലാക്കാറ്റ് രാമന്‍ അച്ചന്റെകുടുംബ ജ്യോതിഷികള്‍ ആയിരുന്ന പണിക്കന്‍ മാരുടെ ആയിരുന്നു ഈ കളരി . ഒരിക്കല്‍ ഇല്ലത്ത് പിറന്ന ഒരു കുഞ്ഞിന്റെ ജാതകം കുറിക്കാന്‍ പണിക്കര്‍ വിളിപ്പിക്കപ്പെട്ടു . എന്നാല്‍, തന്റെ ദിവ്യ ദൃഷ്ടി മൂലം ഈ കുട്ടി എളംപുലാക്കാറ്റ് വംശത്തിന്റെ ആണിക്കല്ല് ഇളക്കും എന്ന് പണിക്കര്‍ കുഞ്ഞിന്റെ ജനന സമയത്ത് തന്നെ മനസ്സിലാക്കിയിരുന്നത്രേ !
ഈ അപ്രിയ സത്യം യജമാനനോട് പറയാനുള്ള വിഷമം കാരണം പണിക്കര്‍ ഇല്ലത്തേക്ക് ചെന്നില്ല , കളരിയില്‍ തന്റെ പതിവ് പൂജകളില്‍ ഏര്‍പ്പെടുകയും ചെയ്തു . ആ സമയം , താന്‍ വിളിച്ചിട്ടും വരാത്ത പണിക്കരെ നേരിട്ട് കാണുന്നതിനായി അച്ചന്‍ ഒരു ആനപ്പുറത്ത് കയറി ഒരു ഇരുംബുലക്കയുമായി കളരിയുടെ പടിക്കലെത്തി .അപ്പോഴാണ്‌ അവിടെ പൂജയുടെ മണിയൊച്ച കേട്ടത് . മണിയടിച്ചു പൂജിക്കാനുള്ള അവകാശം പണിക്കര്‍ക്ക് ഇല്ല എന്നത് അച്ചന്റെ കോപം വീണ്ടും കൂട്ടിയിരിക്കണം .
കോപാക്രാന്തനായ തന്റെ യജമാനന്‍ പുറത്തു നില്പുണ്ട് എന്നറിഞ്ഞ പണിക്കര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്നും അനേകം തവണ കളരിയെ വലം വെച്ച്, ഒടുക്കം എലംപുലാക്കാറ്റ്അച്ചന്റെ മുന്നില്‍ എത്തിയപ്പോള്‍ പണിക്കര്‍ക്ക് ഇരു വശവും വെളുത്ത ഓരോ ആനകള്‍ ഉണ്ടായിരുന്നു എന്നാണ് ഐതിഹ്യം . അദ്ഭുതപ്പെട്ട അച്ചന്‍ ," ഇതെന്താ , ആന വന്‍കാടോ? "എന്ന് ചോദിക്കുകയും ആന വന്‍ കാടെന്ന ഈ പേര് ആനമാങ്ങാടെന്നു ആയി തീര്‍ന്നെന്നും ആണ് ഒരു ഐതിഹ്യം .
അങ്ങനെ കോപം എല്ലാം അടങ്ങി , പണിക്കരുടെ ഗണപതി ഭക്തിയില്‍ മതിപ്പ് തോന്നിയ അച്ചന്‍ കളരിയിലെ ഗണപതി പൂജക്ക്‌ ആവശ്യമായ മലര്‍ വറുക്കാന്‍ വയലിന്റെ ഒരു ഭാഗം സമ്മാനമായി നല്‍കിയത്രെ . ഈ വയല്‍ ഇപ്പോഴും " ഗണപതി കണ്ടം " എന്ന പേരില്‍ കളരിക്കടുത്തുണ്ട് . നമ്മുടെ നാടന്‍ കലാ രൂപങ്ങളില്‍ ഒന്നായ പരിച മുട്ട് കളി തുടങ്ങുനത് തന്നെ " ഗജവനം കളരിയില്‍ മികവേരും ഗണപതി..." എന്നാണു . ഇതും ഈ ഐതിഹ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു .

Saturday, March 19, 2011

വേരുകള്‍ - ആനമങ്ങാടിന്റെ ഇന്നലകളിലേക്ക് ഒരു യാത്ര !

ആനമങ്ങാട് കൃഷ്ണന്‍ നായര്‍ സ്മാരക വായനശാലയുടെ സുവര്‍ണ്ണ ജൂബിലി സ്മരണികയില്‍ നിന്ന്...
( തയ്യാറാക്കിയത് : സന്തോഷ്‌ പി ,സന്തോഷ്‌ സി , ഗോപിനാഥന്‍ പി , മനോജ്‌ സി പി ,നാസീര്‍ അലിഎ കെ )



ഇന്നലെയും ഇന്നും തമ്മിലുള്ള നിലയ്ക്കാത്ത സംവാദമാണ് ചരിത്രം . നിറം മങ്ങിയ പുസ്തകത്താളുകളില്‍ നാം അടിവരയിട്ടു പഠിച്ച പാഠങ്ങള്‍ ഒരിക്കലും നമ്മെ ഈ സംവാദം കേള്‍ക്കാന്‍ പ്രാപ്തരാക്കുന്നില്ല .പുസ്തകത്തില്‍നിന്നുള്ള ചരിത്ര പഠനം ഏറെക്കുറെ നിഷ്ക്രിയം തന്നെയാണ് .എന്നാല്‍ സ്വന്തം ദേശത്തിന്റെ ചരിത്രം അന്വേഷിച്ചു തുടങ്ങുമ്പോഴാണ് ഇന്നലെയും ഇന്നും തമ്മിലുള്ള തുടര്‍ച്ചയെക്കുറിച്ചും ചരിത്രം നമ്മുടെ ചിന്തകളെ എങ്ങനെയെല്ലാം ഉണര്‍ത്തുന്നു എന്നുമൊക്കെ നാം തിരിച്ചറിയുന്നത്‌.കൌതുകം ഉളവാക്കുന്ന ചെറിയ ചെറിയ കണ്ടെത്തലുകളും കേട്ടുകേള്‍വികളും ചേര്‍ത്തുവച്ചു ഒരു പഴയ സമൂഹത്തെ പുനര്‍നിര്‍മ്മിക്കുന്ന തരത്തിലാവുമ്പോള്‍ ചരിത്ര പഠനം ഒരു സജീവ പ്രക്രിയ ആയിത്തീരുന്നു .
മഴവില്ലിലെ നിറങ്ങളെ പ്പോലെ ചരിത്രത്തിലെ വസ്തുതകള്‍ക്കും ഐതിഹ്യങ്ങള്‍ക്കും നമുക്ക് കൃത്യമായി അതിര്‍ത്തി നിര്‍ണയിക്കാന്‍ കഴിയില്ല.ശാസ്ത്രീയ രീതിയില്‍ ചരിത്രത്തെ സമീപിക്കുന്നതിനു ഇതൊരു ന്യൂനതയായി തോന്നാം എങ്കിലും ഒരു ദേശത്തിന്റെ പൈതൃകം അന്വേഷിക്കുമ്പോള്‍ ഇത്തരം ഒരു തരാം തിരിവ് ഏറെക്കുറെ അസാധ്യമായി തീരുന്നു . അല്ലെങ്കില്‍ വസ്തുതകളുടെയും വൈചിത്ര്യങ്ങളുടെയും വേര്‍തിരിവ് ചരിത്രത്തെ അതല്ലാതാക്കുന്നു .
ഇത്തരം ഒരു സാഹചര്യത്തിലാണ് ആനമങ്ങാടിന്റെ ഇന്നലകളിലെക്കുള്ള അന്വേഷണത്തെ കാണേണ്ടത്. നിശ്ചിതമായ വഴികളിലൂടെയുള്ള ചരിത്ര ഗവേഷണംആയിരുന്നില്ല ഇത്, പിന്നെയോ , അമ്പതു വര്ഷംപിന്നിട്ട വായനശാലയുടെ ചെറിയ തുടക്കത്തിനും അപ്പുറത്തുള്ള , ആനമാങ്ങാടിനെകുറിച്ചുള്ള ഓര്‍മ്മകളാണ് , മുഖ്യമായും ....
നമ്മുടെ വരും തലമുറയ്ക്ക് നല്‍കാനുള്ള ഏറ്റവും നല്ല സമ്മാനം നമ്മുടെ ഇന്നലെകല്ലാതെ മറ്റൊന്നുമാല്ലെന്ന തിരിച്ചറിവ് കൂടിയാണിത് ...
ഇത്രയും ഒരാമുഖം ..... അടുത്ത പോസ്റ്റ്‌ - "പേരിന്റെ പെരുമ ".....

Tuesday, March 8, 2011

അലിഗഡ് ഓഫ്‌ ക്യാമ്പസ്‌ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു !

അലിഗഡ് യൂനിവേര്സിടിയുടെ കേരളത്തിലെ ഓഫ്‌ ക്യാമ്പസ്‌ സെന്റര്‍ പെരിന്തല്‍മണ്ണയില്‍ പട്ടാമ്പി റോഡിലെ താല്‍ക്കാലിക കാമ്പസ്സില്‍ ഫെബ്രുവരി 28 നു പ്രവര്‍ത്തനം ആരംഭിച്ചു . എം ബി എ , ബി എ ,എല്‍ എല്‍ ബികോഴ്സ് കളാണ്തുടങ്ങിയിരിക്കുന്നത് .ഇതിനിടെ കേന്ദ്ര ബജെട്ടില്‍ ഇതിനായി അമ്പതു കോടി രൂപ വകയിരുത്തിയത് ചേലാമാലയില്‍ രൂപപ്പെടാനിരിക്കുന്ന കാമ്പസ്സിന്റെ വികസനത്തിന്‌ ആക്കം കൂട്ടിയേക്കും .
ഉദ്ഘാടനതോടനുബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി എം എ ബേബി അലിഗഡ് യൂനിവേര്സിടി വി സി ഡോ:പി കെ അബ്ദുല്‍ അസീസ്‌ , എം എല്‍ എ വി ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു
ഉദ്ഘാടന ദിനത്തില്‍ എം ബി എ ആദ്യ ബാച്ചിന്റെ ക്ലാസ്സുകള്‍ക്കു ALIGARH UNIVERSITY DEAN (FACULTY OF MANAGEMENT DTUDIES ) പ്രൊഫ : ജാവേദ്‌ അക്തറും ബി എ എല്‍ എല്‍ ബി ആദ്യ ബാച്ചിന്റെ ക്ലാസ്സുകള്‍ക്കു നിയമ വിഭാഗം ഡീന്‍ പ്രൊഫ : എം സബീരും നേതൃത്വം നല്‍കി .

Thursday, February 24, 2011

ഗ്രാമോത്സവം -2011...

ആനമങ്ങാട് കൃഷ്ണന്‍ നായര്‍ സ്മാരക വായനശാലയുംലൈബ്രറി കൌണ്‍സിലും ചേര്‍ന്ന് 2011 ഫെബ്രുവരി 20 നുഅവതരിപ്പിച്ച ഗ്രാമോത്സവ ദൃശ്യങ്ങളിലൂടെ .......

ഉദ്ഘാടനം : ശ്രീ : ശീലത് വീരാന്‍ കുട്ടി
( പ്രസിഡന്റ്‌ , ആലിപ്പരമ്പ്ഗ്രാമ പഞ്ചായത്ത് )


അധ്യക്ഷ : ശ്രീമതി സി അംബുജാക്ഷി
( വൈസ് പ്രസിഡന്റ്‌ പെരിന്തല്‍മണ്ണ ബ്ലോക്ക്‌ പഞ്ചായത്ത്‌ )






ആശംസ: ശ്രീ അജയന്‍ യു

( മെമ്പര്‍, ആലിപ്പരമ്പ് ഗ്രാമ പഞ്ചായത്ത് )



ആശംസ : ശ്രീ അലി മാസ്റ്റര്‍

( മെമ്പര്‍പെരിന്തല്‍മണ്ണ ബ്ലോക്ക്‌ പഞ്ചായത്ത് )






നന്ദി : ശ്രീ C BALASUBRAMANYAN

(President, Krishnan Nair Smaraka Vayanasaala)






പരിചമുട്ടു കളി








DUFF MUTTU









സദസ്സ്








കളമെഴുത്ത് പാട്ട്










മാര്‍ഗം കളി











അയ്യപ്പന്‍ പാട്ട് ( ഉടുക്ക് പാട്ട്)













പൂതം കളി













പുള്ളുവന്‍ പാട്ട്












തിരുവാതിരക്കളി















കോല്‍ക്കളി

















നാടന്‍ പാട്ടുകള്‍


















ചാമുണ്ടി തെയ്യം


















പടയണി













Friday, February 18, 2011

ഓര്‍മ്മയുണ്ടോ ഈ മുഖം?


"Reality show" എന്ന് പേരിട്ടു വിളിക്കുന്ന, നേരുമായി പുലബന്ധം പോലുമില്ലാത്ത ആഭാസങ്ങള്‍ മലയാളം പറയാന്‍ അറിയാത്ത " അവതാരങ്ങള്‍അവതരിപ്പിക്കാന്‍ തുടങ്ങുന്നതിന്‍ മുന്പ്, അതെ വര്‍ഷങ്ങള്‍ക്കു മുന്‍പേ, ആനമങ്ങാട്ടെ മുഴുവന്‍ ജനങ്ങളും എന്റെ മുന്നില്‍ ഒത്തുകൂടുമായിരുന്നു...ഒരു ശരാശരി ആനമാങ്ങാട്ടുകാരന് ജനുവരി 26 റിപബ്ലിക് ദിനമല്ലായിരുന്നു - അവര്‍ക്ക് ജനുവരി 26 സമം TYROS ആയിരുന്നു !
"സംഗതികള്‍ "മുഴുവന്‍ വന്നില്ലെങ്കിലും , " തുണ്ടുപല്ലവി " അല്‍പ്പം പിഴച്ചാലും നാട്ടിലെ കൊച്ചു കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും എല്ലാ പ്രോത്സാഹനവും നല്‍കി ഒരു ദേശം മുഴുവന്‍ എന്റെ മുന്നില്‍ ഈ യു പി സ്കൂള്‍ മൈതാനത്ത് .....ഇപ്പോഴത്തെ കുട്ടികള്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകുമോ ആവോ?
ജനുവരി 25 നു വൈകുന്നേരം തന്നെ ഒരുക്കങ്ങള്‍ തുടങ്ങും ... പുല്ലൊക്കെ ചെത്തി വൃത്തിയാക്കി ചാണകം മെഴുകി .. പിറ്റേന്ന് രാവിലെയാണ് സ്റെജിന്റെ ജോലികള്‍ തുടങ്ങുക...( ഒരു വെറും തറ ആയ എന്നെ ഇപ്പോഴും നാടുകാര്‍ സ്നേഹത്തോടെ " stage" എന്ന് തന്നെയാ വിളിക്കുന്നത്‌, കേട്ടോ ! ആന മെലിഞ്ഞാലും ....അല്ലെ? )
വൈകുന്നേരത്തോടെ ലൈറ്റ് , മൈക് ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുന്നു.. ഏറ്റവും പുതിയ സിനിമാ ഗാനങ്ങള്‍ ഉച്ചത്തില്‍ പുറത്തേക്കു ഒഴുകാന്‍ തുടങ്ങുന്നു..ജനങ്ങള്‍ മൈതാനിയിലെക്കും !
എല്ലാ വര്‍ഷവും ഒരു പൊതുവായ ചട്ടക്കൂട് tyros clubb ഇന്റെ വാര്‍ഷിക ആഘോഷങ്ങള്‍ക്ക് ഉണ്ടായിരുന്നു - പൊതു സമ്മേളനം, നൃത്ത നൃത്യങ്ങള്‍, ചെറിയ ഒരു ഗാന മേള , കുട്ടികളുടെ നാടകം, കൂടാതെ രണ്ടു " വലിയ " നാടകങ്ങളും ! ഇതെല്ലാം തീരുമ്പോഴേക്കും നേരം മിക്കവാറും വെളുത്തിരിക്കും...പരിപാടികളുടെ ഇടക്കുള്ള ഗോപി മാഷുടെ announcement ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നു : "ആ സ്ത്രീകളുടെ ഭാഗത്ത്‌ നില്‍ക്കുന്ന പുരുഷന്മാര്‍ ഉടന്‍ തന്നെ അവിടെ നിന്ന് മാറി നില്‍ക്കേണ്ടതാണ് ...." അല്പ സമയത്തിനുള്ളില്‍ തന്നെ പുരുഷന്‍മാര്‍ അവിടന്ന് മാറിയിരിക്കും. അതായിരുന്നു അദ്ദേഹത്തിന്റെ ആജ്ഞാശക്തി ! ( അഭിനവ അധ്യാപകര്‍ ആത്മ പരിശോധന നടത്തുക !) വെന്ത " ആമ്പ്ലെടിന്റെയും (omlett) കടലയുടെയും ഗന്ധം ....പല തരത്തിലുള്ള ശബ്ദങ്ങളും ഗന്ധങ്ങളും വര്‍ണ്ണങ്ങളും ....ശരിക്കും ഒരു ഉത്സവം തന്നെ ആയിരുന്നു അത് !
ഉം...അതൊക്കെ ഒരു കാലം .....കുറച്ചു വര്‍ഷങ്ങളായി ആര്‍ക്കും ഒരു ഉപയോഗവുമില്ലാതെ ഈ മൂലയ്ക്ക് ഇങ്ങിനെ കിടപ്പാണ് .. ചില വൈകുന്നേരങ്ങളില്‍ ആനമങ്ങാട്ടെ പയ്യന്മാര്‍ ഇടയ്ക്കു വന്നിരിക്കാറുണ്ട്.. മിക്കവാറും ബ്ലൂ ടൂത്ത് വഴി ഏറ്റവും പുതിയ " വിവരങ്ങള്‍ " ഷെയര്‍ ചെയ്യാന്‍!

Tuesday, February 15, 2011

ശ്രീ മഹാദേവമംഗലം ക്ഷേത്രം ആനമങ്ങാട് - താലപ്പൊലി ആഘോഷം - ഫെബ്രുവരി 15, 2011



പഞ്ചവാദ്യം





എഴുന്നള്ളിപ്പ്















ആണ്ടിപ്പൂതം






















പൂതം കളി




























































ക്ഷേത്രം - ഒരു ദൃശ്യം ...