Wednesday, April 20, 2011

കൈവിട്ടു പോകുന്ന കാര്‍ഷിക സംസ്കൃതി

ചെറു വെള്ളരി , ആര്യന്‍ , വെള്ളക്കോലി , ചിറ്റേനി , തെക്കന്‍ ചീര ......നമ്മുടെ കുട്ടികള്‍ കേട്ടാല്‍ കണ്ണ് മിഴിക്കുന്ന ഈ പേരുകള്‍ നമ്മുടെ നാട്ടില്‍ കൃഷി ചെയ്തിരുന്ന നെല്ല് ഇനങ്ങളുടെതാണ് !
ഫോസ്സിലുകളായിമാറി നമ്മുടെ ചരിത്രത്തില്‍ എത്രയും പെട്ടെന്ന് ഇടം പിടിക്കാന്‍ പോകുന്നത് നമ്മുടെ നെല്‍ കൃഷിയാണ് .മുട്ടോളം ചെളിയില്‍ നിന്ന് വയലില്‍ പണിതു വിളവുണ്ടാക്കുന്നതൊക്കെവിശദീകരിക്കാന്‍ ബുദ്ധിമുട്ടുന്ന അദ്ധ്യാപകന്‍ കഥകളിലല്ലനമ്മുടെ നാട്ടിലും വരാനിരിക്കുന്നു, ഇപ്പോള്‍ ഇല്ലെങ്കില്‍ !
നമ്മുടെ നാട്ടിലെ നെല്‍കൃഷിയുടെ നല്ലൊരു ഭാഗവും " നെല്ലായ " വാരിയം വക ആയിരുന്നു. ( നെല്ലും നെല്ലായയും തമ്മില്‍? അന്വേഷണത്തിനുള്ള മറ്റൊരു വഴി ആണത് ....) പുതിയേടത്ത്, ചെറന്ഗോട്ടില്‍ തുടങ്ങിയ വീട്ടുകാരായിരുന്നു മറ്റു പ്രമുഖ കൃഷിക്കാര്‍. പുരുഷന്മാര്‍ക്ക് മൂന്നു നാരായവും സ്ത്രീകള്‍ക്ക് രണ്ടു നാരായവും നെല്ല് കൂലി ആയി ലഭിച്ചിരുന്ന അക്കാലത്ത് കൃഷിയില്‍ യാതൊരു വിധ കീട നാശിനികളും ഉപയോഗിച്ചിരുന്നില്ല എന്നത് ഇപ്പോള്‍ അവിശ്വസനീയമായി തോന്നാം .
നെല്ല് കൂടാതെ ധാരാളമായി ഉഴുന്നും മുതിരയും നെല്‍കൃഷിയുടെ ഇടവേളകളില്‍ പാടത്ത് കൃഷി ചെയ്തിരുന്നു. മണ്ണിലെ പോഷകമൂല്യം നില നിര്‍ത്താന്‍ അറിഞ്ഞോ അറിയാതെയോ നമ്മുടെ പൂര്‍വ്വികര്‍ സ്വീകരിച്ചിരുന്ന ഒരു മാര്‍ഗമായിരുന്നു ഇത്. കൂടാതെ ചാമ , നവര തുടങ്ങിയവയും കൃഷി ചെയ്തിരുന്നു. ഏകദേശം മുപ്പതു വര്ഷം മുന്‍പ് തന്നെ ഇവിടെ ഉണ്ടായിരുന്ന റബ്ബര്‍ തോട്ടങ്ങള്‍ സൂചിപ്പിക്കുന്നത് വിദേശ വിളകള്‍ പരീക്ഷിച്ചു അറിയാനുള്ള നമ്മുടെ മുന്‍ തലമുറയുടെ താല്‍പര്യവും കൌതുകവുമാണ് .
കൃഷിയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കിടക്കു അറിഞ്ഞ ഒരു കൌതുകം പുന്നക്കോട് ക്ഷേത്രത്തിനു ഉണ്ടായിരുന്ന ഒരു കുളത്തിനെക്കുറിച്ചാണ് .വളരെയധികം വിസ്തൃതി ഉണ്ടായിരുന്ന ഈ ജലാശയം , പക്ഷെ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ പ്രായം ചെന്നവര്‍ക്ക് പോലും കേട്ട് കേള്‍വി മാത്രമാണ് .
ഹൃതുക്കളുടെ ആവര്‍ത്തനങ്ങള്‍ക്കിടക്കു എപ്പോഴാണ് ഈ ജലസഞ്ചയം വറ്റിപ്പോയത്, നമ്മുടെ മനസ്സിലെ നന്മകളെ പ്പോലെ ?

1 comment:

  1. Ithokke valare vedanippikkunna karyangalaanu.. Athupole mazhakkalathu paadavarambiloode schoolil pokumbol meen pidikkan choondayittirunnathum, raathri kelkumaayirunna thavalakalude sangeethavum iniyoru thalamurakku aaswadikanulla bhagymundavumo?

    ReplyDelete