Saturday, April 2, 2011

രാജ ഭരണത്തിന്റെ നാള്‍വഴികള്‍....

മറ്റു അയല്‍ ദേശങ്ങളെ പോലെ ആനമങ്ങാടും പണ്ട് വള്ളുവനാട്ടു രാജാവിന്റെ ഭരണത്തിന് കീഴില്‍ ആയിരുന്നു. രാജാവ്, ആനമങ്ങാട് ഉള്‍പ്പടെ ഉള്ള ദേശങ്ങളുടെ ഭരണത്തിനു നിയോഗിച്ച മന്ത്രി സ്ഥാനം ആയിരുന്നു " അച്ചന്‍" എന്നത് .ഈ സ്ഥാനം, രാജാവിന്റെ ഭരണ കേന്ദ്രം ആയിരുന്ന കുരുവയില്‍ സ്ഥിര താമസം ആക്കിയിരുന്ന എളംബുലാക്കാറ്റ് ഇല്ലത്തിനാണ് പരമ്പരാഗതമായി നല്‍കിയിരുന്നത്. ഓരോ തലമുറയിലും മൂത്ത ആണ്‍ സന്തതിക്കു " രാമന്‍ " എന്നാണു പേര്‍ നല്‍കിയിരുന്നത്. അങ്ങനെയാണ് രാമനച്ചന്‍ എന്നത് വള്ളുവനാട്ടു രാജാവിന്റെ മന്ത്രി സ്ഥാനം ആവുന്നത് .ഈ കാലഘട്ടത്തില്‍ പുര കാവലിനായി നിയോഗിക്കപ്പെട്ടവരുടെ പിന്തലമുറ ആണ് കാവപ്പുര (കാവല്പ്പുര) വീട്ടുകാരെന്നും പടയാളികളുടെ പിന്മുറക്കാരാണ് പകിടീരി കുടുംബം എന്നും ഒരു പക്ഷമുണ്ട് . " ഭരണ നിര്‍വഹണം എളുപ്പമാക്കുന്നതിനായിരിക്കണം, എലംബിലാക്കാട്ടു കുടുംബം പിന്നീട് ആനമങ്ങാട് എത്തി എടത്തരയിലെമതിലിങ്ങല്‍എന്നസ്ഥലത്ത് താമസം തുടങ്ങി ." - ഈ വംശത്തിലെ ഏറ്റവും ഇങ്ങേ അറ്റത്തുള്ള കണ്ണിയായ രാമനച്ചന്‍ പറയുന്നു. ഇക്കാലത്ത് കുടുംബത്തില്‍ ഉണ്ടായ ചില സംഘര്‍ഷങ്ങളുടെ ഫലമായി ഇവര്‍ മതിലിങ്ങല്‍ നിന്നും കുന്നിന്മേല്‍ ക്ഷേത്രത്തിനു അടുത്തേക്ക് താമസം മാറ്റി. ഈ വീടാണ് പിന്നീട് പയ്യപ്പിള്ളി നമ്പൂതിരിക്കും പിന്നീട് കളത്തില്‍ കുമാരന്‍ മാഷക്കും കൈമാറിയത്. " എലംബുലാക്കാട്ടുകുടുംബത്തിന്റെ ക്ഷയോന്മുഖമായ നാളുകള്‍ അന്നായിരിക്കാം തുടങ്ങിയത്... " കാറല്‍ മണ്ണയിലെ തന്റെ വീട്ടിലിരുന്നു രാമനച്ചന്‍ പറയുമ്പോള്‍ അധികാരത്തിന്റെ ഉന്നത ശ്രേണികളില്‍ നിന്ന് വളരെപ്പെട്ടെന്നു സാധാരണ ജീവിതത്തിന്റെ സംഘര്‍ഷങ്ങളിലേക്ക് ഇറങ്ങേണ്ടി വരുമ്പോള്‍ ദേശത്തിന്റെ ചരിത്രത്തിനൊപ്പം ഗതിമാറി ഒഴുകുന്ന കുടുംബങ്ങളുടെ ചരിത്രം കൂടി നാം അറിയുകയാണ്.... തന്റെ മുത്തച്ഛന്റെ കൈവശം അനേകം പഴയ രേഖകള്‍ ഉണ്ടായിരുന്നതായി രാമനച്ചന്‍ ഓര്‍ക്കുന്നു. ആ തലമുറയില്‍ ആണ്മക്കള്‍ മൂന്നായിരുന്നു- മൂത്തയാള്‍ രാമന്‍, രണ്ടാമന്‍ നാരായണന്‍ , ഏറ്റവും ഇളയവനായ വാസുദേവന്‍ . സാഹിത്യത്തില്‍ അഗാധ ജ്ഞാനവും കവിതാരചനയില്‍ അസുലഭ സിദ്ധികളും ഉള്ള വ്യക്തി ആയിരുന്നത്രെ വാസുദേവന്‍. പക്ഷെ മറ്റനേകം പ്രതിഭാശാലികളെ പോലെ കാലത്തിന്റെ കണക്കെടുപ്പില്‍ പെടാതെ അരങ്ങു വിടാനായിരുന്നു വാസുദേവന്റെ നിയോഗം. ചരിത്രം, അത് വ്യക്തിയുടെയോ കുടുംബതിന്റെയോ ദേശത്തിന്റെയോ ആകട്ടെ, മിക്കപ്പോഴും അത് അധോന്മുകമാകുന്നത് എന്ത് കൊണ്ട്? നാളെ എഴുതപ്പെടാനിരിക്കുന്ന നമ്മുടെ ചരിത്രം തെളിച്ചം ഉള്ളതാകണം എങ്കില്‍, മാറേണ്ടത് നമ്മളാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ , നമ്മുടെ ചരിത്രം എഴുതി തുടങ്ങുന്നത് നാം തന്നെയാണ് ! അത് തന്നെ അല്ലെ, ചരിത്ര പഠനം നമ്മെ ഏല്‍പ്പിക്കുന്ന ചുമതലയും? ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തെ പറ്റിയൊക്കെ വളരെ നേര്‍ത്ത കേട്ട് കേള്‍വികള്‍ മാത്രമേ നമ്മുടെ മുതിര്‍ന്ന തലമുറയ്ക്ക് ഉള്ളൂ. എന്നാല്‍ ഇന്നത്തെ പാലക്കാട്- കോഴിക്കോട് പാത ടിപ്പു പടയോട്ടത്തിനു നിര്‍മ്മിച്ചതാണെന്ന് വളരെപ്പേര്‍ അഭിപ്രായപ്പെടുന്നു. കൃഷ്ണ തിയെറെര്നു സമീപവും അതിനിപ്പുറം വിളക്കത്തര വളവിനു സമീപവും ഈ പാതയുടെ ദിശ നേര്‍ രേഖയില്‍ ആയിരുന്നു എന്നത് ഇപ്പോഴും വ്യക്തമാണ് . ടിപ്പുവുമായി ബന്ധപ്പെട്ട മറ്റൊരു കൌതുകം അലിപ്പരമ്പ് വില്ലജ് ഓഫീസിനു സമീപം ഉള്ള ഒരു കോട്ടയുടെ അവശിഷ്ടങ്ങള്‍ ആണ്. " കോട്ടയില്‍ ക്ഷേത്രം " എന്നറിയപ്പെടുന്ന ഒരു അമ്പലവും ഇതിനകതുണ്ട് .കോട്ടയുടെ എടുപ്പുകള്‍ ഒന്നും കാണുന്നില്ലെങ്കിലും നാല് വശവും ആഴമുള്ള കിടങ്ങുകള്‍, പ്രത്യേക രീതിയില്‍ നിര്‍മ്മിച്ച ഒരു കിണര്‍ എന്നിവയും ഇവിടെ ഉണ്ട്. ഈ കോട്ടയുടെ നിര്‍മ്മാണത്തെ കുറിച്ച് രണ്ടു അനുമാനങ്ങള്‍ ആണുള്ളത്. കോട്ട ടിപ്പു സുല്‍ത്താന്‍ തന്നെ നിര്‍മ്മിച്ചതാണെന്നും അല്ല, ടിപ്പുവില്‍ നിന്നും രക്ഷ നേടാന്‍ രാജാക്കന്മാര്‍ പ്രാദേശികമായി നിര്‍മ്മിച്ച്‌ പണി പൂര്‍ത്തി ആകാതെ ഉപേക്ഷിച്ചതാണെന്നും . എന്തായാലും കോട്ട അവിടെയുണ്ട്, ചരിത്ര കുതുകികളെ കാത്തു...

1 comment:

  1. Very informative post Santhosh.. and very neatly written...!

    ReplyDelete