Monday, March 21, 2011

പേരിന്റെ പെരുമ ...

ഒരു പ്രദേശത്തിന്റെ പേരിന്റെ ഉദ്ഭവത്തിലൂടെ അതിന്റെ വേരുകള്‍ തിരിച്ചറിയുക എന്ന ചിരപരിചിത രീതിയില്‍ പോയാല്‍ ആനമങ്ങാട്ടെ ഒരു പുരാതന കളരിയിലാണ് നാം എത്തുക ....
സാമൂതിരിയുടെ മന്ത്രി സ്ഥാനം വഹിച്ചിരുന്ന എളംപുലാക്കാറ്റ് രാമന്‍ അച്ചന്റെകുടുംബ ജ്യോതിഷികള്‍ ആയിരുന്ന പണിക്കന്‍ മാരുടെ ആയിരുന്നു ഈ കളരി . ഒരിക്കല്‍ ഇല്ലത്ത് പിറന്ന ഒരു കുഞ്ഞിന്റെ ജാതകം കുറിക്കാന്‍ പണിക്കര്‍ വിളിപ്പിക്കപ്പെട്ടു . എന്നാല്‍, തന്റെ ദിവ്യ ദൃഷ്ടി മൂലം ഈ കുട്ടി എളംപുലാക്കാറ്റ് വംശത്തിന്റെ ആണിക്കല്ല് ഇളക്കും എന്ന് പണിക്കര്‍ കുഞ്ഞിന്റെ ജനന സമയത്ത് തന്നെ മനസ്സിലാക്കിയിരുന്നത്രേ !
ഈ അപ്രിയ സത്യം യജമാനനോട് പറയാനുള്ള വിഷമം കാരണം പണിക്കര്‍ ഇല്ലത്തേക്ക് ചെന്നില്ല , കളരിയില്‍ തന്റെ പതിവ് പൂജകളില്‍ ഏര്‍പ്പെടുകയും ചെയ്തു . ആ സമയം , താന്‍ വിളിച്ചിട്ടും വരാത്ത പണിക്കരെ നേരിട്ട് കാണുന്നതിനായി അച്ചന്‍ ഒരു ആനപ്പുറത്ത് കയറി ഒരു ഇരുംബുലക്കയുമായി കളരിയുടെ പടിക്കലെത്തി .അപ്പോഴാണ്‌ അവിടെ പൂജയുടെ മണിയൊച്ച കേട്ടത് . മണിയടിച്ചു പൂജിക്കാനുള്ള അവകാശം പണിക്കര്‍ക്ക് ഇല്ല എന്നത് അച്ചന്റെ കോപം വീണ്ടും കൂട്ടിയിരിക്കണം .
കോപാക്രാന്തനായ തന്റെ യജമാനന്‍ പുറത്തു നില്പുണ്ട് എന്നറിഞ്ഞ പണിക്കര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്നും അനേകം തവണ കളരിയെ വലം വെച്ച്, ഒടുക്കം എലംപുലാക്കാറ്റ്അച്ചന്റെ മുന്നില്‍ എത്തിയപ്പോള്‍ പണിക്കര്‍ക്ക് ഇരു വശവും വെളുത്ത ഓരോ ആനകള്‍ ഉണ്ടായിരുന്നു എന്നാണ് ഐതിഹ്യം . അദ്ഭുതപ്പെട്ട അച്ചന്‍ ," ഇതെന്താ , ആന വന്‍കാടോ? "എന്ന് ചോദിക്കുകയും ആന വന്‍ കാടെന്ന ഈ പേര് ആനമാങ്ങാടെന്നു ആയി തീര്‍ന്നെന്നും ആണ് ഒരു ഐതിഹ്യം .
അങ്ങനെ കോപം എല്ലാം അടങ്ങി , പണിക്കരുടെ ഗണപതി ഭക്തിയില്‍ മതിപ്പ് തോന്നിയ അച്ചന്‍ കളരിയിലെ ഗണപതി പൂജക്ക്‌ ആവശ്യമായ മലര്‍ വറുക്കാന്‍ വയലിന്റെ ഒരു ഭാഗം സമ്മാനമായി നല്‍കിയത്രെ . ഈ വയല്‍ ഇപ്പോഴും " ഗണപതി കണ്ടം " എന്ന പേരില്‍ കളരിക്കടുത്തുണ്ട് . നമ്മുടെ നാടന്‍ കലാ രൂപങ്ങളില്‍ ഒന്നായ പരിച മുട്ട് കളി തുടങ്ങുനത് തന്നെ " ഗജവനം കളരിയില്‍ മികവേരും ഗണപതി..." എന്നാണു . ഇതും ഈ ഐതിഹ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു .

No comments:

Post a Comment