Wednesday, May 11, 2011

വാണിജ്യ രംഗം ...

പെരുംബുള്ളി വീരാന്‍ , പോക്കര്‍ സാഹിബ് , കെ വി നാരായണന്‍ നായര്‍ തുടങ്ങിയവര്‍ ആയിരുന്നു ആദ്യ കാല വണിക്കുകള്‍ .
കെ വി നാരായണന്‍ നായരും വള്ളിക്കാടന്‍അലിയുമായിരുന്നു ആനമങ്ങാട്ടുആദ്യമായി ചായക്കച്ചവടം തുടങ്ങിയത് .
ശ്രീ കൃഷ്ണന്‍ നായര്‍ മാസ്ടരുടെ അധ്യക്ഷതയില്‍ രൂപീകരിക്കപ്പെട്ട ഐക്യ നാണയ സംഘം ബാങ്കിംഗ് രംഗത്തേക്ക് ആനമങ്ങാടിന്റെആദ്യ കാല്‍വെപ്പായിരുന്നു . ശ്രീ കുംമാരന്‍ മാസ്റ്റര്‍ ആയിരുന്നു ഇതിലെ മറ്റൊരു പ്രധാന ഭാരവാഹി . ചെറിയ തുകകള്‍ വായ്പ നല്‍കി പ്രവര്‍ത്തിച്ചിരുന്ന ഈ സംഘത്തിന്റെ പ്രവര്‍ത്തന കേന്ദ്രം എല്‍ പി സ്കൂള്‍ ആയിരുന്നു .

വാര്‍ത്താ വിനിമയം ...

പരീക്ഷാ ഫലങ്ങള്‍ ഇന്റര്‍ നെറ്റിലൂടെയും എസ എം എസിലൂടെയും അറിയുന്ന ഇന്നത്തെ ആനമങ്ങാടിന്റെആദ്യ നാളുകള്‍ വാര്‍ത്താ വിനിമയ സൌകര്യങ്ങളുടെ കാര്യത്തില്‍ മറ്റേതൊരു ഗ്രാമത്തെയും പോലെ തന്നെ പരിമിതമായിരുന്നു .
സ്വാതന്ത്ര്യ ലബ്ധിക്കു ശേഷമാണ് ആനമങ്ങാട്ടുതപാല്‍ ആപ്പീസ് തുടങ്ങിയത്.അതിനു മുന്‍പ് പെരിന്തല്‍മണ്ണയില്‍ നിന്ന് തൂത വരെ ചാമുണ്ണിനായര്‍ എന്നശിപായി ആയിരുന്നു കത്തുകള്‍ വിതരണം ചെയ്തിരുന്നത് .
റേഡിയോ പോലും ആഡംബര വസ്തു ആയിരുന്ന അക്കാലത്ത് ഗാന്ധിജിയുടെ മരണം പോലുള്ള വാര്‍ത്തകള്‍ ആളുകള്‍ പറഞ്ഞറിഞ്ഞു നമ്മുടെ നാട്ടിലെത്തുന്ന അവസ്ഥ ഇന്ന് സങ്കല്‍പ്പിക്കാന്‍ പോലും പ്രയാസം !
മാതൃഭൂമി ആയിരുന്നു ആനമങ്ങാട്ടു എത്തിയ ആദ്യ പത്രം .ചെര്‍പ്പുള്ളശേരിയില്‍ നിന്നും 1948 ഓടെ തന്നെ ഇത് നമ്മുടെ ഗ്രാമത്തില്‍ എത്തിയിരുന്നു . പിന്നീട് ശ്രീ കെ വി നാരായണന്‍ നായര്‍ ഏജന്‍സി എടുത്തു ആനമങ്ങാട്ടു നിന്ന് തന്നെ വിതരണം തുടങ്ങി .

വായനയുടെ വെളിച്ചം ...

1953 ജനുവരി 24 നു വൈകുന്നേരം 4-30 നു ഹയര്‍ എലെമെന്ടരി സ്കൂളില്‍ (ഇന്നത്തെ യു പി സ്കൂളില്‍ ) ചേര്‍ന്ന യോഗമാണ് ഒരു പൊതു ജന സംഘടനയുടെ രൂപീകരണത്തിനും പിന്നീട് വായനശാലയുടെ തുടക്കത്തിനും കാരണമായത്‌ . ആനമങ്ങാടിനെ സംബന്ധിച്ചു ഇത് തികച്ചും വിപ്ലവകരം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ഒരു തുടക്കമായിരുന്നു .

Monday, May 9, 2011

സ്വാതന്ത്ര്യ സമരവും സ്വാതന്ത്ര്യ ലബ്ധിയും അതിനു ശേഷവും ....

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ മുന്നണി പോരാളികളെ നല്‍കാന്‍ നമ്മുടെ നാടിന്നു കഴിഞ്ഞില്ലെങ്കിലും സ്വാതന്ത്ര്യതിലെക്കും സ്വയം ഭരണതിലെക്കുമുള്ള മുന്നേറ്റത്തില്‍നമ്മുടെ ദേശം അതിന്റെ മുഴുവന്‍ മനസ്സും സമര്‍പ്പിച്ചിരുന്നു.

സ്വാതന്ത്ര്യാനന്തരം ഒന്നാമത്തെ പ്രധാന മന്ത്രി ആയിരുന്ന നെഹ്രുവിന്റെ സന്ദര്‍ശനം ഇന്നും ഒട്ടേറെ പേര്‍ വ്യക്തമായി ഓര്‍ക്കുന്നു .- നെഹ്രുവിനെ പൂമാല അണിയിച്ച പോന്മാനാടി രമ ടീച്ചര്‍ അടക്കം.
ബ്രിട്ടീഷുകാരുടെ ചങ്ങലക്കെട്ടുകള്‍ തകര്‍ത് എറിഞ്ഞു എങ്കിലും നാം നമ്മെ സ്വയം ബന്ധിച്ചിരിക്കയായിരുന്നു - സ്വാതന്ത്ര്യ ലബ്ധിക്കു ശേഷവും . വടക്കേ ചേരിയിലെ ശ്രീ ചാത്തപ്പന്‍ ഓര്‍ക്കുന്നു : "1946-47 കാലത്ത് ഞങ്ങള്‍ക്ക് അയിത്തം മൂലം റോഡിലൂടെ നടക്കാന്‍ കഴിഞ്ഞിരുന്നില്ല , അത് കൊണ്ട് തന്നെ സ്കൂളില്‍ പഠിക്കാനും ...."
സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം നമ്മുടെ നാടിന്റെ ഉള്ളറകളില്‍ നടന്ന ചില ചെറിയ വിപ്ലവങ്ങളെ ക്കുറിച്ചാണ് ചാത്തപ്പന്‍ പറഞ്ഞുതുടങ്ങുന്നത് ....
ചേരി നിവാസികള്‍ക്ക് അന്ന് വിദ്യാഭ്യാസം നല്‍കിയത് സ്വാമി എന്നൊരു അദ്ധ്യാപകന്‍ ആയിരുന്നു . ഇപ്പോഴത്തെ ആമ്പല്ലൂര്‍ estate ആയിരുന്നത്രെ അന്നത്തെ ഇവരുടെ അധ്യയന കേന്ദ്രം .

വടക്കേ ചേരിക്കാര്‍ ആദ്യമായി പൊതു വഴി ചവിട്ടുന്നത് 1948 ലെ ഒരു വിവാഹത്തോട് അനുബന്ധിച്ച് ശ്രീ വെള്ളിലാപ്പുള്ളി ഗോവിന്ദന്‍ കുട്ടി നമ്പ്യാരുടെ ശ്രമ ഫലമായിട്ടാണ് .അത് പോലെ നാട്ടിലെ ക്ഷേത്രങ്ങളില്‍ പ്രവേശനം ലഭിച്ചത് ശ്രീ എന്‍ പി നാരായണന്‍ മാസ്ടരുടെ നേതൃത്വത്തില്‍ നടന്ന പ്രവര്‍ത്തന ഫലമായാണ് .
ഹരിജനങ്ങളും സവര്‍ണ്ണ വിഭാഗങ്ങളും ചേര്‍ന്നുള്ള മിശ്ര ഭോജനത്തിനും ആനമങ്ങാട് സാക്ഷ്യം വഹിച്ചിട്ടുണ്ട്‌ .1948 ലെ ഗാന്ധിജിയുടെ ചരമത്തോട് അനുബന്ധിച്ച് എല്‍ പി സ്കൂളില്‍ നടന്ന ചടങ്ങില്‍ ആയിരുന്നു ഇത് .ശ്രീ മഠത്തില്‍ മേനോന്റെ നേതൃത്വത്തില്‍ നടന്ന ഈ സംരംഭത്തിന്k ശേഷം എല്‍ പി സ്കൂളില്‍ ചേരിയിലെ കുട്ടികള്‍ക്ക് പ്രവേശനവും ലഭിച്ചു .വറുതിയുടെ ആ ദിനങ്ങളില്‍ ഒരു തോര്‍ത്ത്‌ മാത്രമായിരുന്നു മിക്കവരുടെയും വേഷം ....അത് പോലും പലയിടത്തും കീറിയത് , കൈത്തനൂല്‍ കൊണ്ട് തുന്നി ചേര്‍ത്തത്... അന്ന് ഓട ലഭിക്കാതിരുന്ന നാളുകളില്‍ മലയില്‍ നിന്ന് ഏറന്കോല്‍ കൊണ്ട് വന്നു മുറവും കൊട്ടയുമാക്കി വില്‍പ്പന നടത്തി കിട്ടുന്ന നെല്ല് കൊണ്ടാണ് ജീവിതം നെയ്തിരുന്നത് ...... ടാഗോര്‍ പാടിയത് പോലെ ഏവര്‍ക്കും ശിരസ്സുയര്‍ത്തി നില്‍ക്കാന്‍ കഴിയുന്ന തരത്തിലുള്ള സ്വാതന്ത്ര്യം എന്നാണു നമ്മുടെ നാട്ടില്‍ ഓരോ മനുഷ്യര്‍ക്കും അനുഭവിക്കാന്‍ കഴിയുക ?

Thursday, May 5, 2011

ദേശത്തിന്റെ ദേവാലയങ്ങള്‍

കുന്നിന്മേല്‍ ക്ഷേത്രം :
ഈ ക്ഷേത്രത്തെക്കുറിച്ച്പറയാറുള്ള ഒരു ഐതിഹ്യം മറ്റു പല ക്ഷേത്രങ്ങളെ ക്കുറിച്ചും നാം കേട്ടതാണ് .എലംബുലാക്കാറ്റ് ഇല്ലം ഇടത്തറയില്‍ ആയിരുന്ന കാലത്ത് തിരുമാന്ധാംകുന്ന് ഭഗവതിയുടെ ഭക്തനായിരുന്ന അവിടത്തെ ഒരു കാരണവര്‍ ദിവസവും നാഴികകള്‍ നടന്നു അങ്ങാടിപ്പുറം എത്തി ക്ഷേത്ര ദര്‍ശനം നടത്തിയുരുന്നത്രേ . ഒരു ദിവസം ക്ഷീണം നിമിത്തം കുന്നിന്മേലുള്ള പാലച്ചുവട്ടില്‍ ഇരുന്ന വൃദ്ധന്‍ ഇനി തനിക്കു നടക്കാന്‍ വയ്യല്ലോ എന്ന് സങ്കടപ്പെട്ടത്രേ .ആ സമയം " ഇനി എന്നെ കാണാന്‍ ഇങ്ങോട്ട് വരേണ്ട അല്‍പം സ്ഥലം തന്നാല്‍ ഞാന്‍ ഇവിടെ ഇരുന്നു കൊള്ളാം " എന്ന് അശരീരി കേട്ടു എന്നും അതനുസരിച്ച് കുന്നിന്മേല്‍ ക്ഷേത്രം നിര്‍മ്മിക്കപ്പെട്ടു എന്നുമാണ് ഐതിഹ്യം .
മഹാദേവ മംഗലംക്ഷേത്രം :
ഈ ക്ഷേത്രം മുന്‍പ് ഒരു പ്രധാന ശാസ്ത ക്ഷേത്രം ആയിരുന്നു എന്ന് പഴമക്കാര്‍ പറയുന്നു .ഇതിന്റെ സൂചനകള്‍ ക്ഷേത്ര നിര്‍മ്മിതിയില്‍ ഉണ്ടത്രേ. ഒരു ബ്രാഹ്മണ ശാപം തീര്‍ക്കുന്നതിനായി നമ്പൂതിരി സമുദായത്തിനായി ദാനം നല്‍കപ്പെട്ടതാണ്‌ ഈ ക്ഷേത്രം എന്നതിനും ഐതിഹ്യ സൂചനകള്‍ ഉണ്ടത്രേ.
പുന്നക്കോട് ക്ഷേത്രം :
പുന്നക്കോട് ക്ഷേത്രത്തിന്റെ നിര്‍മ്മിതിയെക്കുറിച്ചുള്ള സൂചനകളൊന്നും ലഭ്യമല്ല. ഈ മൂന്നു ക്ഷേത്രങ്ങളിലും വെച്ച് പഴക്കമേറിയ ഇതിനു മൂവായിരത്തോളം വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് അഭിപ്രായം .
എടതറ ജുമു അത്ത് പള്ളി :
ആനമങ്ങാട് , എടതറ പ്രദേശങ്ങളുടെ അതിരില്‍ മെയിന്‍ റോഡിനു അഭിമുഖമായി സ്ഥിതി ചെയ്യുന്ന ജുമാ മസ്ജിദ് ആനമങ്ങാട്ടെ പ്രധാന മുസ്ലിം ആരാധനാലയമാണ് .ഏകദേശം 75 വര്ഷം മുന്‍പ് ഉണ്ടായിരുന്ന നമസ്കാര പള്ളിയാണ് പിന്നീട് എരശ്ശേരി(ERASSERI ) തറവാടും പാട്ടശ്ശേരി കണ്ടുന്നിയുടെ പുരയിടവും വാങ്ങി ഇന്നത്തെ പള്ളിയായി മാറിയത്. ആയിരത്തി തൊള്ളായിരത്തി ഇരുപതെഴില്‍ കേരളീയ മാതൃകയില്‍ ഉള്ള ജുമാ അത് പള്ളി നിര്‍മ്മിക്കപ്പെട്ടു.
1921 ലെ മലബാര്‍ കലാപത്തെ തുടര്‍ന്നുണ്ടായ അരക്ഷിതാവസ്ഥയും ദാരിദ്ര്യവും നിലനിന്നിരുന്ന സാഹചര്യത്തില്‍ ഈ പള്ളിയുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയിരുന്നത് പരേതരായ പോക്കര്‍ അഹമ്മദ് , ചെര്‍ക്കുന്നത്തു അഹമ്മദ് മുസ്ലിയാര്‍, എരശ്ശേരി വീരാന്‍ , വള്ളത്തില്‍ മൊയ്ദീന്‍ കുട്ടി എന്നിവര്‍ ആയിരുന്നു. വീടുകളില്‍ നിന്നും ശേഖരിച്ച മരം , സ്വര്‍ണം , പണം എന്നിവ കൊണ്ടാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
പള്ളിയിലെ ആദ്യ ഖത്തീബ് ആയിരുന്ന കന്നമ്മന്നില്‍അബ്ദുള്ള മുസ്ലിയാര്‍ തന്നെ ആയിരുന്നു ഖാലി, മു അദ്ദീന്‍ ജോലികളും നിര്‍വ്വഹിച്ചിരുന്നത്. ആനമങ്ങാട്ടെ 39 മുസ്ലീം ഭവനങ്ങളില്‍ നിന്നും ശേഖരിച്ചിരുന്ന പിടിയരി ആയിരുന്നു ഇദ്ദേഹത്തിനുള്ള എളിയ പ്രതിഫലം .
എഴുപതുകളില്‍ പുരോഗമിച്ച സ്റ്റാര്‍ച് വ്യവസായം പള്ളിയിലും അതിന്റെ സ്വാധീനം ചെലുത്തി. ഇക്കാലത്താണ് (1972) പള്ളി പൊളിച്ചു താഴെ നില കോണ്‍ക്രീറ്റ് ചെയ്തത് .അന്നത്തെ STARCH വ്യവസായികള്‍ ആയിരുന്ന കെ ഹംസ മാസ്റ്റര്‍ , സി കെ കുഞ്ഞാപ്പു ഹാജി , കെ പി സൈദ്‌ ഹാജി , വ്യാപാരികള്‍ ആയിരുന്ന മൊല്ല ക്കുട്ടി ഹാജി , കെ പോക്കര്‍ സാഹിബ് തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് പള്ളിക്ക് " MASJID UR RAHMAAN" എന്ന് പേരിട്ടത് .പള്ളിയുടെ ഭരണം ജനകീയ സമിതി ഏറ്റെടുത്തതും ഇക്കാലത്താണ് .
പിന്നീട് എണ്‍പതുകളില്‍ starch വ്യവസായം നാമാവശേഷം ആയെങ്കിലും ആളുകള്‍ക്ക് ഗള്‍ഫ്‌ രാജ്യങ്ങളില്‍ തൊഴില്‍ ലഭിച്ചത് പള്ളിയുടെ പുരോഗതിക്കു കാരണമായി . 1982 ലായിരുന്നു പള്ളിയുടെ ഒന്നാം നില നിര്‍മ്മാണം . ആനമങ്ങാട്ടെ യുവാക്കള്‍ രൂപീകരിച്ച ജിദ്ദ - മഹല്ല് സമിതിയുടെ സഹായം ഇതിനു ലഭിച്ചു .
ഒന്നാം നില യുടെ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത് കെ എം മായിന്‍ മുസ്ല്യാര്‍ തെക്കന്‍ മുഹമ്മദ്‌ മാസ്റ്റര്‍, പി എം മുഹമ്മദ്‌ മാസ്റ്റര്‍ സി പി സൈദ്‌ അലവി എന്നിവര്‍ ആണ് .
മുക്കാല്‍ നൂറ്റാണ്ടു മുന്‍പത്തെ എളിയ തുടക്കത്തില്‍ നിന്നും ഏറെ വളര്‍ന്ന MASJID UR RAHMAN ന്റെ കീഴില്‍ ഇപ്പോള്‍ മൂന്നു നമസ്കാര പള്ളികളും നാല് മദ്രസകളും പ്രവര്‍ത്തിക്കുന്നു.
MASJID UR RAHMAN- മിനാരങ്ങള്‍ ഇല്ലാത്ത മസ്ജിദ് :
സമീപ പ്രദേശങ്ങളില്‍ എല്ലാം പഴയ കേരളീയ മാതൃകയിലുള്ള പള്ളികള്‍ പുനര്‍ നിര്‍മ്മാണം കഴിഞ്ഞപ്പോള്‍ വലിയ മിനാരങ്ങളോട് കൂടിയ പള്ളികള്‍ ആയി മാറി . എന്നാല്‍ MASJID UR RAHMAAN ഇന്നും മിനാരങ്ങള്‍ ഇല്ലാതെ ഒറ്റപ്പെട്ടു നില്‍ക്കുന്നു .