Monday, March 21, 2011

പേരിന്റെ പെരുമ ...

ഒരു പ്രദേശത്തിന്റെ പേരിന്റെ ഉദ്ഭവത്തിലൂടെ അതിന്റെ വേരുകള്‍ തിരിച്ചറിയുക എന്ന ചിരപരിചിത രീതിയില്‍ പോയാല്‍ ആനമങ്ങാട്ടെ ഒരു പുരാതന കളരിയിലാണ് നാം എത്തുക ....
സാമൂതിരിയുടെ മന്ത്രി സ്ഥാനം വഹിച്ചിരുന്ന എളംപുലാക്കാറ്റ് രാമന്‍ അച്ചന്റെകുടുംബ ജ്യോതിഷികള്‍ ആയിരുന്ന പണിക്കന്‍ മാരുടെ ആയിരുന്നു ഈ കളരി . ഒരിക്കല്‍ ഇല്ലത്ത് പിറന്ന ഒരു കുഞ്ഞിന്റെ ജാതകം കുറിക്കാന്‍ പണിക്കര്‍ വിളിപ്പിക്കപ്പെട്ടു . എന്നാല്‍, തന്റെ ദിവ്യ ദൃഷ്ടി മൂലം ഈ കുട്ടി എളംപുലാക്കാറ്റ് വംശത്തിന്റെ ആണിക്കല്ല് ഇളക്കും എന്ന് പണിക്കര്‍ കുഞ്ഞിന്റെ ജനന സമയത്ത് തന്നെ മനസ്സിലാക്കിയിരുന്നത്രേ !
ഈ അപ്രിയ സത്യം യജമാനനോട് പറയാനുള്ള വിഷമം കാരണം പണിക്കര്‍ ഇല്ലത്തേക്ക് ചെന്നില്ല , കളരിയില്‍ തന്റെ പതിവ് പൂജകളില്‍ ഏര്‍പ്പെടുകയും ചെയ്തു . ആ സമയം , താന്‍ വിളിച്ചിട്ടും വരാത്ത പണിക്കരെ നേരിട്ട് കാണുന്നതിനായി അച്ചന്‍ ഒരു ആനപ്പുറത്ത് കയറി ഒരു ഇരുംബുലക്കയുമായി കളരിയുടെ പടിക്കലെത്തി .അപ്പോഴാണ്‌ അവിടെ പൂജയുടെ മണിയൊച്ച കേട്ടത് . മണിയടിച്ചു പൂജിക്കാനുള്ള അവകാശം പണിക്കര്‍ക്ക് ഇല്ല എന്നത് അച്ചന്റെ കോപം വീണ്ടും കൂട്ടിയിരിക്കണം .
കോപാക്രാന്തനായ തന്റെ യജമാനന്‍ പുറത്തു നില്പുണ്ട് എന്നറിഞ്ഞ പണിക്കര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചിട്ടും കഴിഞ്ഞില്ലെന്നും അനേകം തവണ കളരിയെ വലം വെച്ച്, ഒടുക്കം എലംപുലാക്കാറ്റ്അച്ചന്റെ മുന്നില്‍ എത്തിയപ്പോള്‍ പണിക്കര്‍ക്ക് ഇരു വശവും വെളുത്ത ഓരോ ആനകള്‍ ഉണ്ടായിരുന്നു എന്നാണ് ഐതിഹ്യം . അദ്ഭുതപ്പെട്ട അച്ചന്‍ ," ഇതെന്താ , ആന വന്‍കാടോ? "എന്ന് ചോദിക്കുകയും ആന വന്‍ കാടെന്ന ഈ പേര് ആനമാങ്ങാടെന്നു ആയി തീര്‍ന്നെന്നും ആണ് ഒരു ഐതിഹ്യം .
അങ്ങനെ കോപം എല്ലാം അടങ്ങി , പണിക്കരുടെ ഗണപതി ഭക്തിയില്‍ മതിപ്പ് തോന്നിയ അച്ചന്‍ കളരിയിലെ ഗണപതി പൂജക്ക്‌ ആവശ്യമായ മലര്‍ വറുക്കാന്‍ വയലിന്റെ ഒരു ഭാഗം സമ്മാനമായി നല്‍കിയത്രെ . ഈ വയല്‍ ഇപ്പോഴും " ഗണപതി കണ്ടം " എന്ന പേരില്‍ കളരിക്കടുത്തുണ്ട് . നമ്മുടെ നാടന്‍ കലാ രൂപങ്ങളില്‍ ഒന്നായ പരിച മുട്ട് കളി തുടങ്ങുനത് തന്നെ " ഗജവനം കളരിയില്‍ മികവേരും ഗണപതി..." എന്നാണു . ഇതും ഈ ഐതിഹ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നു .

Saturday, March 19, 2011

വേരുകള്‍ - ആനമങ്ങാടിന്റെ ഇന്നലകളിലേക്ക് ഒരു യാത്ര !

ആനമങ്ങാട് കൃഷ്ണന്‍ നായര്‍ സ്മാരക വായനശാലയുടെ സുവര്‍ണ്ണ ജൂബിലി സ്മരണികയില്‍ നിന്ന്...
( തയ്യാറാക്കിയത് : സന്തോഷ്‌ പി ,സന്തോഷ്‌ സി , ഗോപിനാഥന്‍ പി , മനോജ്‌ സി പി ,നാസീര്‍ അലിഎ കെ )



ഇന്നലെയും ഇന്നും തമ്മിലുള്ള നിലയ്ക്കാത്ത സംവാദമാണ് ചരിത്രം . നിറം മങ്ങിയ പുസ്തകത്താളുകളില്‍ നാം അടിവരയിട്ടു പഠിച്ച പാഠങ്ങള്‍ ഒരിക്കലും നമ്മെ ഈ സംവാദം കേള്‍ക്കാന്‍ പ്രാപ്തരാക്കുന്നില്ല .പുസ്തകത്തില്‍നിന്നുള്ള ചരിത്ര പഠനം ഏറെക്കുറെ നിഷ്ക്രിയം തന്നെയാണ് .എന്നാല്‍ സ്വന്തം ദേശത്തിന്റെ ചരിത്രം അന്വേഷിച്ചു തുടങ്ങുമ്പോഴാണ് ഇന്നലെയും ഇന്നും തമ്മിലുള്ള തുടര്‍ച്ചയെക്കുറിച്ചും ചരിത്രം നമ്മുടെ ചിന്തകളെ എങ്ങനെയെല്ലാം ഉണര്‍ത്തുന്നു എന്നുമൊക്കെ നാം തിരിച്ചറിയുന്നത്‌.കൌതുകം ഉളവാക്കുന്ന ചെറിയ ചെറിയ കണ്ടെത്തലുകളും കേട്ടുകേള്‍വികളും ചേര്‍ത്തുവച്ചു ഒരു പഴയ സമൂഹത്തെ പുനര്‍നിര്‍മ്മിക്കുന്ന തരത്തിലാവുമ്പോള്‍ ചരിത്ര പഠനം ഒരു സജീവ പ്രക്രിയ ആയിത്തീരുന്നു .
മഴവില്ലിലെ നിറങ്ങളെ പ്പോലെ ചരിത്രത്തിലെ വസ്തുതകള്‍ക്കും ഐതിഹ്യങ്ങള്‍ക്കും നമുക്ക് കൃത്യമായി അതിര്‍ത്തി നിര്‍ണയിക്കാന്‍ കഴിയില്ല.ശാസ്ത്രീയ രീതിയില്‍ ചരിത്രത്തെ സമീപിക്കുന്നതിനു ഇതൊരു ന്യൂനതയായി തോന്നാം എങ്കിലും ഒരു ദേശത്തിന്റെ പൈതൃകം അന്വേഷിക്കുമ്പോള്‍ ഇത്തരം ഒരു തരാം തിരിവ് ഏറെക്കുറെ അസാധ്യമായി തീരുന്നു . അല്ലെങ്കില്‍ വസ്തുതകളുടെയും വൈചിത്ര്യങ്ങളുടെയും വേര്‍തിരിവ് ചരിത്രത്തെ അതല്ലാതാക്കുന്നു .
ഇത്തരം ഒരു സാഹചര്യത്തിലാണ് ആനമങ്ങാടിന്റെ ഇന്നലകളിലെക്കുള്ള അന്വേഷണത്തെ കാണേണ്ടത്. നിശ്ചിതമായ വഴികളിലൂടെയുള്ള ചരിത്ര ഗവേഷണംആയിരുന്നില്ല ഇത്, പിന്നെയോ , അമ്പതു വര്ഷംപിന്നിട്ട വായനശാലയുടെ ചെറിയ തുടക്കത്തിനും അപ്പുറത്തുള്ള , ആനമാങ്ങാടിനെകുറിച്ചുള്ള ഓര്‍മ്മകളാണ് , മുഖ്യമായും ....
നമ്മുടെ വരും തലമുറയ്ക്ക് നല്‍കാനുള്ള ഏറ്റവും നല്ല സമ്മാനം നമ്മുടെ ഇന്നലെകല്ലാതെ മറ്റൊന്നുമാല്ലെന്ന തിരിച്ചറിവ് കൂടിയാണിത് ...
ഇത്രയും ഒരാമുഖം ..... അടുത്ത പോസ്റ്റ്‌ - "പേരിന്റെ പെരുമ ".....

Tuesday, March 8, 2011

അലിഗഡ് ഓഫ്‌ ക്യാമ്പസ്‌ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു !

അലിഗഡ് യൂനിവേര്സിടിയുടെ കേരളത്തിലെ ഓഫ്‌ ക്യാമ്പസ്‌ സെന്റര്‍ പെരിന്തല്‍മണ്ണയില്‍ പട്ടാമ്പി റോഡിലെ താല്‍ക്കാലിക കാമ്പസ്സില്‍ ഫെബ്രുവരി 28 നു പ്രവര്‍ത്തനം ആരംഭിച്ചു . എം ബി എ , ബി എ ,എല്‍ എല്‍ ബികോഴ്സ് കളാണ്തുടങ്ങിയിരിക്കുന്നത് .ഇതിനിടെ കേന്ദ്ര ബജെട്ടില്‍ ഇതിനായി അമ്പതു കോടി രൂപ വകയിരുത്തിയത് ചേലാമാലയില്‍ രൂപപ്പെടാനിരിക്കുന്ന കാമ്പസ്സിന്റെ വികസനത്തിന്‌ ആക്കം കൂട്ടിയേക്കും .
ഉദ്ഘാടനതോടനുബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി എം എ ബേബി അലിഗഡ് യൂനിവേര്സിടി വി സി ഡോ:പി കെ അബ്ദുല്‍ അസീസ്‌ , എം എല്‍ എ വി ശശികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു
ഉദ്ഘാടന ദിനത്തില്‍ എം ബി എ ആദ്യ ബാച്ചിന്റെ ക്ലാസ്സുകള്‍ക്കു ALIGARH UNIVERSITY DEAN (FACULTY OF MANAGEMENT DTUDIES ) പ്രൊഫ : ജാവേദ്‌ അക്തറും ബി എ എല്‍ എല്‍ ബി ആദ്യ ബാച്ചിന്റെ ക്ലാസ്സുകള്‍ക്കു നിയമ വിഭാഗം ഡീന്‍ പ്രൊഫ : എം സബീരും നേതൃത്വം നല്‍കി .