Saturday, April 23, 2011

നാട്ടു വൈദ്യത്തിന്റെ നന്മകള്‍

വിവിധ തരത്തിലുള്ള ഔഷധച്ചെടികള്‍ നിറഞ്ഞു വളര്‍ന്നിരുന്ന നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ ചികിത്സ ഒരിക്കലും ചെലവ് കൂടിയതായിരുന്നില്ല . താരതമ്യേന ഗുരുതരമായ രോഗങ്ങള്‍ക്ക് ജനങ്ങളുടെ ആശ്രയം അക്കാലത്തെ നാട്ടു വൈദ്യന്മാരായിരുന്നു. ഇവരില്‍ പ്രമുഖനായിരുന്ന " കോണി " വൈദ്യരെപ്പറ്റി നമ്മുടെ പ്രായം ചെന്ന തലമുറയ്ക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. മനുഷ്യരുടെയും മൃഗങ്ങളുടെയും ചികിത്സയില്‍ നിപുണനായിരുന്ന ഇദ്ദേഹം അസ്ഥി സംബന്ധമായ ചികിത്സയില്‍ പ്രത്യേക നൈപുണ്യം പ്രകടിപ്പിച്ചിരുന്നു.
വേലപ്പ വൈദ്യര്‍ , കൃഷ്ണന്‍ വൈദ്യര്‍ , അദ്ദേഹത്തിന്റെ അനുജന്‍ ആയിരുന്ന നാരായണന്‍ വൈദ്യര്‍ എന്നിവരായിരുന്നു ഇക്കൂട്ടത്തിലെ മറ്റുള്ളവര്‍.
രോഗിയില്‍ ഒരു മനുഷ്യനെ കാണുക എന്നതിന് പകരം രോഗിയില്‍ ഒരു ഉപഭോക്താവിനെ കാണുക എന്ന മരുന്ന് കമ്പനികളുടെ വിപണന മന്ത്രം ആധുനിക വൈദ്യ സമൂഹം സ്വീകരിച്ചു തുടങ്ങിയത് എപ്പോഴായിരുന്നു?

Wednesday, April 20, 2011

കൈവിട്ടു പോകുന്ന കാര്‍ഷിക സംസ്കൃതി

ചെറു വെള്ളരി , ആര്യന്‍ , വെള്ളക്കോലി , ചിറ്റേനി , തെക്കന്‍ ചീര ......നമ്മുടെ കുട്ടികള്‍ കേട്ടാല്‍ കണ്ണ് മിഴിക്കുന്ന ഈ പേരുകള്‍ നമ്മുടെ നാട്ടില്‍ കൃഷി ചെയ്തിരുന്ന നെല്ല് ഇനങ്ങളുടെതാണ് !
ഫോസ്സിലുകളായിമാറി നമ്മുടെ ചരിത്രത്തില്‍ എത്രയും പെട്ടെന്ന് ഇടം പിടിക്കാന്‍ പോകുന്നത് നമ്മുടെ നെല്‍ കൃഷിയാണ് .മുട്ടോളം ചെളിയില്‍ നിന്ന് വയലില്‍ പണിതു വിളവുണ്ടാക്കുന്നതൊക്കെവിശദീകരിക്കാന്‍ ബുദ്ധിമുട്ടുന്ന അദ്ധ്യാപകന്‍ കഥകളിലല്ലനമ്മുടെ നാട്ടിലും വരാനിരിക്കുന്നു, ഇപ്പോള്‍ ഇല്ലെങ്കില്‍ !
നമ്മുടെ നാട്ടിലെ നെല്‍കൃഷിയുടെ നല്ലൊരു ഭാഗവും " നെല്ലായ " വാരിയം വക ആയിരുന്നു. ( നെല്ലും നെല്ലായയും തമ്മില്‍? അന്വേഷണത്തിനുള്ള മറ്റൊരു വഴി ആണത് ....) പുതിയേടത്ത്, ചെറന്ഗോട്ടില്‍ തുടങ്ങിയ വീട്ടുകാരായിരുന്നു മറ്റു പ്രമുഖ കൃഷിക്കാര്‍. പുരുഷന്മാര്‍ക്ക് മൂന്നു നാരായവും സ്ത്രീകള്‍ക്ക് രണ്ടു നാരായവും നെല്ല് കൂലി ആയി ലഭിച്ചിരുന്ന അക്കാലത്ത് കൃഷിയില്‍ യാതൊരു വിധ കീട നാശിനികളും ഉപയോഗിച്ചിരുന്നില്ല എന്നത് ഇപ്പോള്‍ അവിശ്വസനീയമായി തോന്നാം .
നെല്ല് കൂടാതെ ധാരാളമായി ഉഴുന്നും മുതിരയും നെല്‍കൃഷിയുടെ ഇടവേളകളില്‍ പാടത്ത് കൃഷി ചെയ്തിരുന്നു. മണ്ണിലെ പോഷകമൂല്യം നില നിര്‍ത്താന്‍ അറിഞ്ഞോ അറിയാതെയോ നമ്മുടെ പൂര്‍വ്വികര്‍ സ്വീകരിച്ചിരുന്ന ഒരു മാര്‍ഗമായിരുന്നു ഇത്. കൂടാതെ ചാമ , നവര തുടങ്ങിയവയും കൃഷി ചെയ്തിരുന്നു. ഏകദേശം മുപ്പതു വര്ഷം മുന്‍പ് തന്നെ ഇവിടെ ഉണ്ടായിരുന്ന റബ്ബര്‍ തോട്ടങ്ങള്‍ സൂചിപ്പിക്കുന്നത് വിദേശ വിളകള്‍ പരീക്ഷിച്ചു അറിയാനുള്ള നമ്മുടെ മുന്‍ തലമുറയുടെ താല്‍പര്യവും കൌതുകവുമാണ് .
കൃഷിയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്കിടക്കു അറിഞ്ഞ ഒരു കൌതുകം പുന്നക്കോട് ക്ഷേത്രത്തിനു ഉണ്ടായിരുന്ന ഒരു കുളത്തിനെക്കുറിച്ചാണ് .വളരെയധികം വിസ്തൃതി ഉണ്ടായിരുന്ന ഈ ജലാശയം , പക്ഷെ ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ പ്രായം ചെന്നവര്‍ക്ക് പോലും കേട്ട് കേള്‍വി മാത്രമാണ് .
ഹൃതുക്കളുടെ ആവര്‍ത്തനങ്ങള്‍ക്കിടക്കു എപ്പോഴാണ് ഈ ജലസഞ്ചയം വറ്റിപ്പോയത്, നമ്മുടെ മനസ്സിലെ നന്മകളെ പ്പോലെ ?

Saturday, April 16, 2011

ദേശത്തിന്റെ കലാ രംഗം : ഇടറാത്ത താളങ്ങള്‍ , മായാത്ത വര്‍ണ്ണങ്ങള്‍ ...

തലമുറകളായി പകര്‍ന്നു കിട്ടിയ മിക്ക നാടന്‍ കലാരൂപങ്ങളും അനുഷ്ഠാനകലകളും ഇപ്പോഴും നമ്മുടെ നാട്ടില്‍ നശിക്കാതെ നില്‍ക്കുന്നു എന്നത് നിസ്സാര കാര്യമല്ല . ചിങ്ങത്തിലെ ഉത്രാട രാത്രിയുടെ അവസാന യാമങ്ങളില്‍ ശ്രീ മഹാ ദേവനൊപ്പംനമ്മെയും പാടി ഉണര്ത്തുന്നവര്‍ ഇന്നെത്ത്ര ഗ്രാമങ്ങളില്‍ ബാക്കി ഉണ്ട് ? അത് പോലെ, മകരക്കൊയ്ത് കഴിഞ്ഞ പാടങ്ങളില്‍ക്കൂടി തിളയ്ക്കുന്ന വേനല്‍ച്ചൂടില്‍ തനിക്കെറ്റം പ്രിയപ്പെട്ട ഉണ്ണിയെത്തേടി അലയുന്ന പൂതങ്ങള്‍ ഇന്നും നമുക്ക് പ്രിയപ്പെട്ട ഉത്സവക്കാഴ്ചയാണ് . ഇതിനു പുറമേ പുരാതന ആയോധന കലകളുടെ സ്വഭാവം സൂചിപ്പിക്കുന്ന പരിച മുട്ട് കളി പരിശീലിപ്പിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്ന സംഘങ്ങള്‍ ഇവിടെയുണ്ട് . ക്ഷേത്രങ്ങളിലെ ഒരു അനുഷ്ടാന കല ആയ കളംപാട്ട് അവതരിപ്പിക്കുന്ന നാല് കുടുംബങ്ങള്‍ ആനമങ്ങാട്ടുണ്ട്. കര്‍ണ്ണാടക സംഗീതത്തില്‍ ദേശാന്തര പ്രശസ്തിയുള്ള ഗായകനായിരുന്നു ശ്രീ ഭാഗവതര്‍ രാമകുറുപ് . കലാരംഗത്ത്‌ നിയതമായ ഒരു പരിശീലന പദ്ധതി ആദ്യമായി ഉണ്ടായത് ഒരു പക്ഷെ ചെണ്ട മേളത്തില്‍ ആയിരിക്കും. ചെത്തല്ലൂര്‍ക്കാരന്‍ ആയിരുന്ന കുഞ്ഞുണ്ണി എന്നാ ഗുരുവില്‍ നിന്നും ചെണ്ട അഭ്യസിച്ച ശ്രീ പാട്ടശ്ശേരി രാമന്‍ ആയിരുന്നു വാദ്യ കലയുടെ ഗണപതി കയ്യ് കുറിച്ചത് .ഇദ്ദേഹത്തിന്റെ ശിഷ്യര്‍ ആയ ചാമി , കൃഷ്ണന്‍ തുടങ്ങിയവരുടെ വാദ്യസാധകം പിന്നീടുള്ള തലമുറകള്‍ക്ക് പ്രചോദനത്തിന്റെ പാത ഒരുക്കി .വേലകളും അയ്യപ്പന്‍ വിളക്കുകളും ആയിരുന്നു ഇവര്‍ക്ക് ലഭിച്ചിരുന്ന പ്രധാന അരങ്ങുകള്‍ .ഈ പരമ്പരയില്‍ നമുക്ക് ഏറ്റവും അടുത്ത് നില്‍ക്കുന്നത് പരേതനായ ശ്രീ ഈങ്ങ ചാലില്‍ ഗോവിന്ദന്‍ ആണ് . ടെലിവിഷന്‍ ചാന്നലുകളില്‍ സ്വന്തം സംഗീതവും താളവും തിരയുന്ന നമ്മുടെ പുത്തന്‍ തലമുറ ഉണ്ണിയെ തേടിയെത്തുന്ന പൂതത്തിനെ ഇനിയും എത്ര നാള്‍ വരവേല്‍ക്കും ?

Saturday, April 2, 2011

രാജ ഭരണത്തിന്റെ നാള്‍വഴികള്‍....

മറ്റു അയല്‍ ദേശങ്ങളെ പോലെ ആനമങ്ങാടും പണ്ട് വള്ളുവനാട്ടു രാജാവിന്റെ ഭരണത്തിന് കീഴില്‍ ആയിരുന്നു. രാജാവ്, ആനമങ്ങാട് ഉള്‍പ്പടെ ഉള്ള ദേശങ്ങളുടെ ഭരണത്തിനു നിയോഗിച്ച മന്ത്രി സ്ഥാനം ആയിരുന്നു " അച്ചന്‍" എന്നത് .ഈ സ്ഥാനം, രാജാവിന്റെ ഭരണ കേന്ദ്രം ആയിരുന്ന കുരുവയില്‍ സ്ഥിര താമസം ആക്കിയിരുന്ന എളംബുലാക്കാറ്റ് ഇല്ലത്തിനാണ് പരമ്പരാഗതമായി നല്‍കിയിരുന്നത്. ഓരോ തലമുറയിലും മൂത്ത ആണ്‍ സന്തതിക്കു " രാമന്‍ " എന്നാണു പേര്‍ നല്‍കിയിരുന്നത്. അങ്ങനെയാണ് രാമനച്ചന്‍ എന്നത് വള്ളുവനാട്ടു രാജാവിന്റെ മന്ത്രി സ്ഥാനം ആവുന്നത് .ഈ കാലഘട്ടത്തില്‍ പുര കാവലിനായി നിയോഗിക്കപ്പെട്ടവരുടെ പിന്തലമുറ ആണ് കാവപ്പുര (കാവല്പ്പുര) വീട്ടുകാരെന്നും പടയാളികളുടെ പിന്മുറക്കാരാണ് പകിടീരി കുടുംബം എന്നും ഒരു പക്ഷമുണ്ട് . " ഭരണ നിര്‍വഹണം എളുപ്പമാക്കുന്നതിനായിരിക്കണം, എലംബിലാക്കാട്ടു കുടുംബം പിന്നീട് ആനമങ്ങാട് എത്തി എടത്തരയിലെമതിലിങ്ങല്‍എന്നസ്ഥലത്ത് താമസം തുടങ്ങി ." - ഈ വംശത്തിലെ ഏറ്റവും ഇങ്ങേ അറ്റത്തുള്ള കണ്ണിയായ രാമനച്ചന്‍ പറയുന്നു. ഇക്കാലത്ത് കുടുംബത്തില്‍ ഉണ്ടായ ചില സംഘര്‍ഷങ്ങളുടെ ഫലമായി ഇവര്‍ മതിലിങ്ങല്‍ നിന്നും കുന്നിന്മേല്‍ ക്ഷേത്രത്തിനു അടുത്തേക്ക് താമസം മാറ്റി. ഈ വീടാണ് പിന്നീട് പയ്യപ്പിള്ളി നമ്പൂതിരിക്കും പിന്നീട് കളത്തില്‍ കുമാരന്‍ മാഷക്കും കൈമാറിയത്. " എലംബുലാക്കാട്ടുകുടുംബത്തിന്റെ ക്ഷയോന്മുഖമായ നാളുകള്‍ അന്നായിരിക്കാം തുടങ്ങിയത്... " കാറല്‍ മണ്ണയിലെ തന്റെ വീട്ടിലിരുന്നു രാമനച്ചന്‍ പറയുമ്പോള്‍ അധികാരത്തിന്റെ ഉന്നത ശ്രേണികളില്‍ നിന്ന് വളരെപ്പെട്ടെന്നു സാധാരണ ജീവിതത്തിന്റെ സംഘര്‍ഷങ്ങളിലേക്ക് ഇറങ്ങേണ്ടി വരുമ്പോള്‍ ദേശത്തിന്റെ ചരിത്രത്തിനൊപ്പം ഗതിമാറി ഒഴുകുന്ന കുടുംബങ്ങളുടെ ചരിത്രം കൂടി നാം അറിയുകയാണ്.... തന്റെ മുത്തച്ഛന്റെ കൈവശം അനേകം പഴയ രേഖകള്‍ ഉണ്ടായിരുന്നതായി രാമനച്ചന്‍ ഓര്‍ക്കുന്നു. ആ തലമുറയില്‍ ആണ്മക്കള്‍ മൂന്നായിരുന്നു- മൂത്തയാള്‍ രാമന്‍, രണ്ടാമന്‍ നാരായണന്‍ , ഏറ്റവും ഇളയവനായ വാസുദേവന്‍ . സാഹിത്യത്തില്‍ അഗാധ ജ്ഞാനവും കവിതാരചനയില്‍ അസുലഭ സിദ്ധികളും ഉള്ള വ്യക്തി ആയിരുന്നത്രെ വാസുദേവന്‍. പക്ഷെ മറ്റനേകം പ്രതിഭാശാലികളെ പോലെ കാലത്തിന്റെ കണക്കെടുപ്പില്‍ പെടാതെ അരങ്ങു വിടാനായിരുന്നു വാസുദേവന്റെ നിയോഗം. ചരിത്രം, അത് വ്യക്തിയുടെയോ കുടുംബതിന്റെയോ ദേശത്തിന്റെയോ ആകട്ടെ, മിക്കപ്പോഴും അത് അധോന്മുകമാകുന്നത് എന്ത് കൊണ്ട്? നാളെ എഴുതപ്പെടാനിരിക്കുന്ന നമ്മുടെ ചരിത്രം തെളിച്ചം ഉള്ളതാകണം എങ്കില്‍, മാറേണ്ടത് നമ്മളാണ്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ , നമ്മുടെ ചരിത്രം എഴുതി തുടങ്ങുന്നത് നാം തന്നെയാണ് ! അത് തന്നെ അല്ലെ, ചരിത്ര പഠനം നമ്മെ ഏല്‍പ്പിക്കുന്ന ചുമതലയും? ടിപ്പു സുല്‍ത്താന്റെ പടയോട്ടത്തെ പറ്റിയൊക്കെ വളരെ നേര്‍ത്ത കേട്ട് കേള്‍വികള്‍ മാത്രമേ നമ്മുടെ മുതിര്‍ന്ന തലമുറയ്ക്ക് ഉള്ളൂ. എന്നാല്‍ ഇന്നത്തെ പാലക്കാട്- കോഴിക്കോട് പാത ടിപ്പു പടയോട്ടത്തിനു നിര്‍മ്മിച്ചതാണെന്ന് വളരെപ്പേര്‍ അഭിപ്രായപ്പെടുന്നു. കൃഷ്ണ തിയെറെര്നു സമീപവും അതിനിപ്പുറം വിളക്കത്തര വളവിനു സമീപവും ഈ പാതയുടെ ദിശ നേര്‍ രേഖയില്‍ ആയിരുന്നു എന്നത് ഇപ്പോഴും വ്യക്തമാണ് . ടിപ്പുവുമായി ബന്ധപ്പെട്ട മറ്റൊരു കൌതുകം അലിപ്പരമ്പ് വില്ലജ് ഓഫീസിനു സമീപം ഉള്ള ഒരു കോട്ടയുടെ അവശിഷ്ടങ്ങള്‍ ആണ്. " കോട്ടയില്‍ ക്ഷേത്രം " എന്നറിയപ്പെടുന്ന ഒരു അമ്പലവും ഇതിനകതുണ്ട് .കോട്ടയുടെ എടുപ്പുകള്‍ ഒന്നും കാണുന്നില്ലെങ്കിലും നാല് വശവും ആഴമുള്ള കിടങ്ങുകള്‍, പ്രത്യേക രീതിയില്‍ നിര്‍മ്മിച്ച ഒരു കിണര്‍ എന്നിവയും ഇവിടെ ഉണ്ട്. ഈ കോട്ടയുടെ നിര്‍മ്മാണത്തെ കുറിച്ച് രണ്ടു അനുമാനങ്ങള്‍ ആണുള്ളത്. കോട്ട ടിപ്പു സുല്‍ത്താന്‍ തന്നെ നിര്‍മ്മിച്ചതാണെന്നും അല്ല, ടിപ്പുവില്‍ നിന്നും രക്ഷ നേടാന്‍ രാജാക്കന്മാര്‍ പ്രാദേശികമായി നിര്‍മ്മിച്ച്‌ പണി പൂര്‍ത്തി ആകാതെ ഉപേക്ഷിച്ചതാണെന്നും . എന്തായാലും കോട്ട അവിടെയുണ്ട്, ചരിത്ര കുതുകികളെ കാത്തു...